കാസർകോട് : കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്‌എഫ്‌ഡിസി) നിർമിക്കുന്ന മുംതായുടെ ചിത്രീകരണം ആരംഭിച്ചു. പി ഫർസാന സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സാങ്കേതിക വിഭാഗങ്ങളിലെല്ലാം പ്രധാന ചുമതല വഹിക്കുന്നത് സ്‌ത്രീകളാണ്. മുംതാ എന്ന ഒരു കൗമാരക്കാരി പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം.
ആദ്യദിന ചിത്രീകരണത്തിൻ്റെ ലൊക്കേഷനായ കാസർകോട് ജില്ലയിലെ ബേള ഗവണ്‍മെൻ്റ് ആയുർവേദ ഡിസ്‌പെൻസറിക്ക് (ട്രൈബ്) സമീപമാണ് സ്വിച്ച് ഓൺ ചടങ്ങ് നടന്നത്. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ സ്വിച്ച് ഓൺ നിർവഹിച്ചു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഇത്തരത്തില്‍ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ സർക്കാർ നിർമിക്കുന്നതെന്ന് എം. രാജഗോപാലൻ എംഎൽഎ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌ത്രീ ശാക്തീകരണത്തിൻ്റെ വ്യത്യസ്‌ത മാതൃകയാണ് ഈ പദ്ധതിയിലൂടെ കേരളം ഇന്ത്യക്ക് നൽകുന്നത്. കോസർകോട്ടുകാരിയായ സംവിധായികയുടെ സിനിമയിൽ കാസർകോടിൻ്റെ സാമൂഹിക, സാംസ്‌കാരിക സവിശേഷതകൾ ഉൾപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ത്രീ ശാക്തീകരണം വാക്കുകളിൽ പലയിടങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും കൺമുന്നിൽ കാണാവുന്ന മാതൃകയാണ് ഈ വനിത സിനിമ പദ്ധതി എന്ന് ജില്ലാ പൊലീസ് മേധാവി ശിൽപ പറഞ്ഞു.
സിനിമയുടെ ഛായാഗ്രഹണം ഫൗസിയ ഫാത്തിമ, ലൈൻ പ്രൊഡ്യൂസർ രത്തീന, ചിത്രസംയോജനം വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും നയിക്കുന്നത് സ്‌ത്രീകളാണെന്ന് സംവിധായിക ഫർസാന പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കെഎസ്‌എഫ്‌ഡിസി നിർമിക്കുന്ന ആറാമത്തെ ചലച്ചിത്രമാണ് "മുംതാ".