അരിക്കൊമ്പനെ കാടുമാറ്റി, ചക്കക്കൊമ്പനും മൊട്ടവാലനും ബാക്കിയുണ്ട്: ആശങ്ക ഒഴിയാതെ ചിന്നക്കനാല്‍ - റേഡിയോ കോളര്‍
🎬 Watch Now: Feature Video
ഇടുക്കി: അരിക്കൊമ്പന്‍ കാട് മാറിയെങ്കിലും ചിന്നക്കനാലിലെ ആശങ്കകള്‍ അവസാനിച്ചിട്ടില്ല. ചക്കകൊമ്പനും മൊട്ടവാലനുമൊക്കെ ഇനിയും ഇവിടെയുള്ളതാണ് പ്രദേശവാസികളുടെ ആശങ്കയ്‌ക്ക് കാരണം. മേഖലയിലെ കാട്ടാന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.
വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെ വനം മന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ഇടുക്കി കലക്‌ടറേറ്റില്‍ യോഗം ചേര്‍ന്നിരുന്നു. അരിക്കൊമ്പനെ പിടിച്ച് മാറ്റുമെന്നും ചക്കക്കൊമ്പനെയും മൊട്ടവാലനെയും റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിയ്ക്കുമെന്നുമായിരുന്നു ആ യോഗത്തില്‍ തീരുമാനിച്ചത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയില്‍ 23 കിലോമീറ്റര്‍ ചുറ്റളവില്‍ ഹാങ്ങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അരിക്കൊമ്പന്‍റെ ആക്രമണം ഏറ്റവും അധികം ബാധിച്ച പന്നിയാറിലെ റേഷന്‍ കട സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഫെന്‍സിങ് സ്ഥാപിയ്ക്കുകയും ചെയ്‌തു. അരിക്കൊമ്പനെ കാട് മാറ്റിയെങ്കിലും മേഖലയിലെ കാട്ടാന ശല്യത്തിന് പൂര്‍ണ പരിഹാരം ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്തെ സാഹചര്യങ്ങള്‍ പഠിക്കുന്നതിനായി വിഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറയുന്നു.
കര്‍ഷകരെയും ജനപ്രതിനിധികളെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള വിദഗ്‌ധ സമിതി പ്രശ്‌നങ്ങള്‍ പഠിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആനയിറങ്കല്‍ ജലാശയ തീരം മുതലുള്ള റവന്യു ഭൂമിയില്‍ പുല്‍മേട് പുനഃസ്ഥാപിച്ച് തീറ്റ ഒരുക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നും ആവശ്യമുണ്ട്.