സ്‌കൂട്ടറിന്‍റെ രഹസ്യ അറയില്‍ കുഴൽപണം കടത്ത്; മഞ്ചേരിയിൽ നിന്ന് പിടിച്ചത് 33 ലക്ഷം
🎬 Watch Now: Feature Video
Published : Dec 24, 2023, 7:42 PM IST
മലപ്പുറം: മഞ്ചേരിയിൽ വൻ കുഴൽപണ വേട്ട. സുസുകി ആക്‌സസ് സ്‌കൂട്ടറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ പണമാണ് പിടികൂടിയത് (Blackmoney Ceased From Secret Compartment in Scooter). 33 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി സൈഫുൽ ഇസ്ലാം ആണ് പണം കടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്‌തു. ഇന്ന് (ഞായർ) രാവിലെ എസ്എച്ച്ഒയും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മലപ്പുറം മഞ്ചേരി റോഡിൽ ഇരുമ്പുഴിയിൽ വച്ച് സൈഫുലിനെ കള്ളപ്പണവുമായി പിടികൂടിയത്. സ്‌കൂട്ടറിന്‍റെ അകത്തെ രഹസ്യ അറയില്‍ സഞ്ചിയില്‍ സൂക്ഷിച്ച 33 ലക്ഷം രൂപയാണ് പിടികൂടിയത്. 500 രൂപയുടെ കെട്ടുകൾ ആക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ പണം പൊലീസ് തുടർ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. തുടര്‍ന്ന് കേസ് എൻഫോമെന്‍റിന് കൈമാറും. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന വൻ കുഴൽപ്പണ മാഫിയയിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. മഞ്ചേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നിങ്ങനെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹവാലപ്പണം വിതരണം ചെയ്യാൻ പ്രത്യേക ഏജന്‍റുമാരുള്ളതായി പറയപ്പെടുന്നു. തുടർച്ചയായി ഹവാലപ്പണം പിടിച്ചെടുക്കുന്നുണ്ടെങ്കിലും ഒട്ടനവധി ഏജന്‍റുമാർ രംഗത്തുള്ളതിനാൽ അവ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഹവാല ഇടപാടുകൾ സജീവമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കുകയാണ് പൊലീസ്.