കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. യുവതിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌തശേഷം ഡോക്‌ടർമാരാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
മലപ്പുറം വെട്ടത്തൂർ സ്വദേശിനിയായ ഫസീലയെയാണ് ഇന്നലെ (നവംബർ 26) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച (നവംബർ 24) രാത്രിയാണ് എരഞ്ഞിപ്പാലത്തെ ലോഡ്‌ജിൽ ഇവർ തിരുവില്വാമല സ്വദേശി സനൂഫ് എന്നയാൾക്കൊപ്പം മുറിയെടുത്തത്. മൂന്നുദിവസത്തേക്കാണ് ഇവർ ലോഡ്‌ജിൽ മുറിയെടുത്തിരുന്നത്. തിങ്കളാഴ്‌ച (നവംബർ 25) രാത്രി യുവതിയുടെ കൂടെയുണ്ടായിരുന്ന സനൂഫ് ലോഡ്‌ജ് ജീവനക്കാരോട് പണം കൊണ്ടുവരാം എന്ന് പറഞ്ഞു പോവുകയായിരുന്നു.
ഇരുവരും കാറിലാണ് ലോഡ്‌ജിൽ എത്തിയിരുന്നത്. ഈ കാറുമായാണ് സനൂഫ് പോയത്. എന്നാൽ ചൊവ്വാഴ്‌ച രാവിലെയും ഇയാൾ വരാത്ത സാഹചര്യത്തിൽ ജീവനക്കാർ ലോഡ്‌ജ് മുറിയിൽ നോക്കിയപ്പോഴാണ് യുവതിയെ ബോധമില്ലാതെ കിടക്കുന്ന കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് ജീവനക്കാർ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് ഡോക്‌ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് ഇവർ മരിച്ചെന്ന് മനസിലായത്. പിന്നീട് നടക്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ലോഡ്‌ജിൽ സനൂഫ് നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഈ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞു. അതിനിടയിലാണ് ഇന്ന് പോസ്‌റ്റ്‌മാർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം സനൂഫിന് വേണ്ടിയുള്ള ഊർജ്ജിതമായ അന്വേഷണം നടക്കാവ് പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ ഇയാൾ കൊണ്ടുവന്ന കാർ പാലക്കാട് വച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാൽ ഈ കാറ് മറ്റൊരാളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സനൂഫിനെതിരെ ഫസീല നേരത്തേ പീഡനപരാതി കൊടുത്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാകും കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നൽകുന്ന സൂചന. രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. അതേസമയം സനൂഫ് ലോഡ്‌ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.