ആലപ്പുഴ: അമ്മയെ ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ നിവർത്തിൽ വീട്ടിൽ സുകുമാരൻ ഭാര്യ കല്യാണി(75)യെ മകൻ സന്തോഷ് വീട്ടിൽ വച്ച് ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നു.
2019 മാർച്ച് 31 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതിയായ മകന് ഭാര്യയുമൊത്ത് സ്വൈര്യമായി ജീവിക്കുന്നതിന് ശാരീരക അവശതകളും ഓർമ്മക്കുറവും ഉണ്ടായിരുന്ന അമ്മ കല്യാണി തടസമാണെന്ന് കണ്ട് അമ്മയും മകനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പ്രതി അമ്മയെ ചവിട്ടിയും തൊഴിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പ്രതി തന്നെ അമ്മയെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് സ്വഭാവിക മരണമാണെന്ന് പൊലീസിൽ മൊഴി കൊടുക്കുകയും ചെയ്യതു. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി ഗർഭപാത്രത്തിനും മറ്റും മുറിവുകൾ സംഭവിച്ച് അമിത രക്തസ്രാവം ഉണ്ടായി മരിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയെ മകന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും തെളിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസിലെ പ്രധാന സാക്ഷിയായിരുന്ന പ്രതിയുടെ സഹോദരിയും കൊല്ലപ്പെട്ട കല്യാണിയുടെ മകളുമായ സുധർമ്മയും അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തും സാക്ഷി വിസ്‌താരസമയം കൂറ് മാറിയിരുന്നു. എന്നാൽ അയൽവാസികളുടെ മൊഴിയും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണ്ണായകമായത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ് ഭാരതിയാണ് വിധി പ്രസ്‌താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ ശ്രീമോൻ, അഡ്വക്കേറ്റുമാരായ നാരായണൻ ജി അശോക് നായർ, ദീപ്‌തി കേശവ് എന്നിവർ ഹാജരായി.