ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ഒരു കോടിയുടെ നിരോധിച്ച ആയിരം രൂപ നോട്ടുകൾ പിടികൂടി
🎬 Watch Now: Feature Video
കാസർകോട്: ബദിയടുക്കയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ഒരു കോടിയുടെ നിരോധിച്ച ആയിരം രൂപ നോട്ടുകൾ പിടികൂടി. മുണ്ട്യത്തടുക്ക സ്വദേശി ഷാഫിയുടെ വീട്ടിൽ നിന്നാണ് അഞ്ച് ചാക്കുകളിലായി നോട്ട് കെട്ടുകൾ കണ്ടെത്തിയത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ താമസിച്ചവർക്ക് റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. രാത്രികാലങ്ങളിൽ പരിചിതമല്ലാത്തവർ വന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തിയത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. നോട്ട് കെട്ടുകൾക്കൊപ്പം നോട്ടുകളുടെ വലിപ്പത്തിലുള്ള കടലാസ് കെട്ടുകളും കണ്ടെത്തിയിട്ടുണ്ട്.
Also read: video: ആംബുലന്‍സില്‍ നോട്ട് കടത്ത്; പിടിച്ചപ്പോൾ 25 കോടിയുടെ വ്യാജൻ
സൂറത്തിൽ 25കോടിയുടെ വ്യാജനോട്ട്: ആംബുലൻസിൽ കടത്താൻ ശ്രമിച്ച 25 കോടിയുടെ കള്ളനോട്ടുകൾ കാംറെജ് പൊലീസ് പിടികൂടിയിരുന്നു. ആറ് പെട്ടികളിൽ 1290 പാക്കറ്റുകളിലായാണ് നോട്ട് കെട്ടുകൾ കണ്ടെത്തിയത്.
Also read: video: 'നോട്ട് മഴ ' പെയ്യിക്കുന്ന അസ്ഥികൂടം; പണം ഇരട്ടിപ്പിക്കല്‍ സംഘത്തെ പിടികൂടി പൊലീസ്