നടുറോഡില്‍ ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്ത് കുട്ടിക്കൊമ്പന്‍; ഇറങ്ങിയോടി യുവാവ്, വാഹനം ചവിട്ടിമെതിച്ച് തിരികെ കാടുകയറി - ബെംഗളൂരു പുതിയ വാര്‍ത്തകള്‍
🎬 Watch Now: Feature Video
ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ നഗറില്‍ കുട്ടിക്കൊമ്പന്‍റെ ആക്രമണം. നാല്‍ റോഡ് ചെക്ക് പോസ്റ്റില്‍ ബൈക്കിലെത്തിയ യുവാവിന് നേരെ പാഞ്ഞടുത്ത് കുട്ടിക്കൊമ്പന്‍. ബൈക്ക് ഉപേക്ഷിച്ച് ഓടിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.
വെള്ളിയാഴ്‌ചയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് വരികയായിരുന്ന യാത്രികനാണ് കുട്ടിക്കൊമ്പന്‍റെ മുന്നിലകപ്പെട്ടത്. തനിക്ക് നേരെ പാഞ്ഞടുക്കുന്ന ആനയെ കണ്ടതോടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങിയോടി. ഇതോടെ രോഷാകുലനായ കൊമ്പന്‍ ബൈക്ക് ചവിട്ടി നശിപ്പിച്ചു.
റോഡിലൂടെ എത്തിയ മറ്റ് യാത്രികര്‍ ബഹളം വച്ചതോടെ കൊമ്പന്‍ വനത്തിലേക്ക് തിരികെ മടങ്ങി. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാല് റോഡിന്‍റെ ഇരുഭാഗവും വനമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി ചെക്ക്പോസ്റ്റിലും റോഡിലുമായി കാട്ടാനകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
കേരളത്തിലും സമാന സംഭവം: വയനാട് മുത്തങ്ങ വനമേഖലയില്‍ നിന്നാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വന്നത്. മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് സംഭവം. റോഡരികില്‍ വാഹനം നിര്‍ത്തി കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കാട്ടാന ആക്രമിക്കാനായി പാഞ്ഞടുത്തത്. തിരിഞ്ഞോടിയ ഇയാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്.