CCTV Visual | അധികനിരക്ക് ആവശ്യപ്പെട്ടതോടെ യാത്ര നിരസിച്ചു; യുവാവിനെ വാഹനമിടിച്ച് കടന്നുകളഞ്ഞ് ഓട്ടോ ഡ്രൈവര്‍ - യുവാവിന് നേരെ ഓട്ടോറിക്ഷ ഡ്രൈവറുടെ അതിക്രമം
🎬 Watch Now: Feature Video
ബെംഗളൂരു: ഓണ്‍ലൈന്‍ ബൈക്ക് യാത്ര സംവിധാനമായ റാപിഡോയുടെ ബൈക്ക് കാത്തുനിന്ന സോഫ്‌റ്റവെയര്‍ പ്രൊഫഷണലായ യുവാവിന് നേരെ ഓട്ടോറിക്ഷ ഡ്രൈവറുടെ അതിക്രമം. അധിക നിരക്ക് ആവശ്യപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചതോടെയായിരുന്നു അതിക്രമം. വാഹനം മുന്നിലോട്ട് എടുത്ത ഓട്ടോറിക്ഷ ഡ്രൈവര്‍ യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ പുലര്‍ച്ചെ 3.30ന് എച്ച്എസ്‌ആര്‍ ലേഔട്ട് സെക്‌ടറിലെ വണ്‍ ഏരിയയിലാണ് സംഭവം നടക്കുന്നത്. യാത്രക്കായി വാഹനത്തിന് കാത്തുനില്‍ക്കുകയായിരുന്നു യുവാവ്. ഈ സമയം ഇയാള്‍ക്ക് അരികിലേക്ക് ഒരു ഓട്ടോറിക്ഷ എത്തി. എന്നാല്‍, പ്രസ്‌തുത സ്ഥലത്തേക്കുള്ള നിരക്ക് വളരെ കൂടുതലായി ആവശ്യപ്പെട്ടതോടെ യുവാവ് ഓട്ടോറിക്ഷ ഒഴിവാക്കി റാപിഡോ ബൈക്ക് സേവനത്തിനായി കാത്തുനിന്നു. ഈ സമയം ഓട്ടോറിക്ഷ മുന്നോട്ടെടുത്ത ഡ്രൈവര്‍ യുവാവിനെ ഇടിച്ചിടുകയും വേഗത്തില്‍ സ്ഥലംവിടുകയും ചെയ്യുകയായിരുന്നു.
സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നും യുവാവ് ഓട്ടോറിക്ഷയ്‌ക്ക് സമീപം നിന്ന് അല്‍പസമയം സംസാരിക്കുന്നതും തുടര്‍ന്ന് വാഹനം ഇയാളെ ഇടിച്ചിട്ട ശേഷം കടന്നുകളയുന്നതും വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. എന്നാല്‍ അപകടത്തില്‍പെട്ട യുവാവ് പരാതിയുമായെത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടുത്തിടെയായി നഗരമേഖലയില്‍ ഓട്ടോറിക്ഷ ജീവനക്കാരും റാപിഡോ ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായും പൊലീസ് അറിയിച്ചിരുന്നു. തങ്ങളുടെ ഉപജീവനത്തിന് വിലങ്ങുതടിയാണെന്ന് ചൂണ്ടിക്കാട്ടി റാപിഡോ ബൈക്കുകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യവും ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉയര്‍ത്തിയിരുന്നു.