ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ്. ഒരു ഡെസ്റ്റിനേഷൻ സന്ദർശിക്കുക എന്നതിലുപരി വഴിയിൽ ഉടനീളമുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കാനാകുമ്പോഴാണ് യാത്ര പൂർണതയിൽ എത്തുന്നത്. വ്യത്യസ്‌ത സംസ്‌കാരം, പൈതൃകം, ഭൂപ്രകൃതി എന്നിവ അടുത്തറിയാൻ എറ്റവും നല്ല മാർഗം യാത്രയാണ്. പണ്ട് കാലത്തെ അപേക്ഷിച്ച് യാത്രകൾ ഇഷ്‌ടപ്പെടുന്നവരുടെയും യാത്ര ചെയ്യുന്നവരുടെയും എണ്ണം ഇന്ന് വർധിച്ചിട്ടുണ്ട്.
ജീവിതത്തിൽ എത്ര തിരക്കുണ്ടെങ്കിലും യാത്രക്കായി സമയം മറ്റി വയ്ക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിരയുന്നവർ നിരവധിയാണ്. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പകുതിയും ഇന്ത്യക്ക് പുറത്താണ്. 2024 ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ടൂറിസ്റ്റ് ഡെസ്‌റ്റിനേഷനുകളുടെ പട്ടിക കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്തു വിട്ടിരുന്നു. പതിവിൽ നിന്ന് വ്യത്യസ്‌തമാണ് ഇത്തവണത്തെ ലിസ്റ്റ്. പട്ടികയിൽ ആദ്യ 10 ൽ ഉൾപ്പെട്ട ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. അസർബൈജാൻ
2024 ൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ ടൂറിസ്റ്റ് ഡെസ്‌റ്റിനേഷനുകളിൽ ഒന്നാം സ്ഥാനത്താണ് അസർബൈജാന്‍റെ സ്ഥാനം. ശാന്തതയും പ്രകൃതി സൗന്ദര്യവും തേടി യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമായ ഒരു ഇടമാണ് അസർബൈജാൻ. പോയി വരാൻ ചെലവ് കുറഞ്ഞതും വിസ എളുപ്പത്തിൽ ലഭിക്കുമെന്നതുമാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുന്നത്. ട്രെക്കിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾ, മഞ്ഞുകാലത്ത് സ്‌കീയിംഗിനും സ്നോബോർഡിംഗും തുടങ്ങീ വിവിധ ആക്‌ടിവിറ്റികളും ഇവിടെയുണ്ട്.
2. ബാലി
കേരളത്തിന്‍റെ ഏഴിലൊന്ന് വിസ്‌തൃതിയുള്ള മനോഹരമായ ഒരു ദ്വീപാണ് ബാലി. ശാന്തമായ കടൽ തീരങ്ങളും വ്യത്യസ്‌ത സംസ്‌കാരവും ആചാര രീതികളും അടുത്തറിയാൻ ഇഷ്‌ടപ്പെടുന്നവർക്ക് ബാലി നല്ലൊരു അനുഭവം സമ്മാനിക്കുമെന്നതിൽ തർക്കമില്ല. ഒറ്റപ്പെട്ട ഒരു തുരുത്തായതിനാൽ ഇന്തോനേഷ്യയിലേതിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് ബാലിയിലെ പൊതുരീതികൾ. ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല എന്നതും ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നു. കുറഞ്ഞ ചെലവിൽ പോയി വരാമെന്നതും ബാലിയുടെ പ്രത്യേകതയാണ്.
3. മണാലി
ഈ വർഷം ഏറ്റവുമധികം ആളുകൾ തിരഞ്ഞ ടൂറിസ്റ്റ് ഇടങ്ങളിൽ മൂന്നാം സ്ഥാനത്താണ് മണാലി. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. മഞ്ഞു മൂടി കിടക്കുന്ന മലനിരകളുടെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഓരോ വർഷവും മണാലിയിലേക്ക് എത്താറുള്ളത്. പച്ചപ്പ് നിറഞ്ഞ താഴ്വരകൾ, തെളിഞ്ഞ് ഒഴുകുന്ന നദികൾ, മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ എന്നിവയാൽ സമൃദമാണ് മണാലി. ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട കിടക്കുന്ന പുരാതന ഹഡിംബ ദേവി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണ കേന്ദ്രം. സ്‌കീയിങ്, സ്നോബോർഡിങ്, പാരാഗ്ലൈഡിങ്, സോർബിങ് തുടങ്ങീ വിവിധ സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
4. കസാക്കിസ്ഥാൻ
ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന മറ്റൊരു രാജ്യമാണ് കസാക്കിസ്ഥാൻ. ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ നാലാമതാണ് ഈ രാജ്യം. സമ്പന്നമായ ചരിത്രം, സംസ്‌കാരം, ജീവിതരീതി, ഭൂപ്രകൃതി, ഭക്ഷണം എന്നിവ ഇവിടെയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ മനോഹരമായ ഒരു നാടാണിത്. മഞ്ഞു മൂടിയ പർവ്വതങ്ങളുടെയും മലകളുടെയും മരുഭൂമികളുടെയും തടാകങ്ങളുടേയും മനോഹാരിത ഇവിടെ നിന്ന് ആസ്വദിക്കാനാകും. സഞ്ചാരികൾക്കായി ഹൈക്കിങ്, സ്‌കീയിങ്, കുതിര സവാരി തുടങ്ങീ സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
5. ജയ്‌പൂർ
ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താനത്തുള്ളത് ജയ്‌പ്പൂരാണ്. പൈതൃകവും പ്രൗഢിയും ഒത്തിണങ്ങി നിൽക്കുന്ന രാജസ്ഥാന്‍റെ തലസ്ഥാന നഗരമാണ് ജയ്‌പൂർ. ചരിത്ര പ്രാധാന്യമുള്ള അതിമനോഹരമായ കോട്ടകളും കൊട്ടാരങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. രജപുത്ര രാജാക്കന്മാർ വീരചരിതമെഴുതിയ ജയ്‌പൂർ പിങ്ക് സിറ്റി എന്നും അറിയപ്പെടുന്നു. ആംബർ ഫോർട്ട്, സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണ കേന്ദ്രങ്ങൾ.
6. ജോർജിയ
ഇന്ത്യക്കാർ ഏറ്റവുമധികം തിരിഞ്ഞ മറ്റൊരു രാജ്യമാണ് ജോർജിയ. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന ഒരു യൂറോപ്യൻ രാജ്യം കൂടിയാണ് ജോർജിയ. എളുപ്പത്തിൽ വിസ ലഭിക്കുമെന്നതും ജോർജിയയുടെ പ്രത്യേകതയാണ്. അതിപുരാതന കാലത്ത് നിർമ്മിച്ച ദേവാലയങ്ങളും കൊട്ടകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പർവ്വതങ്ങൾ, കോക്കസസ് മലനിരകൾ, പച്ചപ്പ് വിരിച്ച തഴ്‌വരകൾ, ഗുഹകൾ, എന്നിവയാൽ പ്രകൃതിരമണീയമായ ഒരു രാജ്യമാണിത്.
7. മലേഷ്യ
ഇന്ത്യക്കാരുടെ ഇഷ്‌ട വിനോദസഞ്ചാര ഡെസ്റ്റിനേഷനുകളിൽ ഏറ്റവും പ്രിയപ്പെട്ട ഇടമായ മലേഷ്യയാണ് ഈ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ളത്. ഇവിടുത്തെ മനോഹരമായ കടൽ തീരവും ട്വിൻ ടവറും ഏതൊരാളെയും ആകർഷിക്കുന്നവയാണ്. ബാട്ടു ഗുഹകൾ, ഫ്രേസേഴ്‌സ് ഹിൽസ്, തീൻഹൗ ക്ഷേത്രം, പെനാൻഗ് ബീച്ച്, പെട്രോണാസ് ടവർ, ഗോണ്ടോല ലിഫ്റ്റ് എന്നിവയാണ് മലേഷ്യയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഏതു സമയത്തും സന്ദർശിക്കാൻ അനുയോജ്യമാണ് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മഹത്തായ പാരമ്പര്യവും സംസ്‌കാരവും ഒത്തിണങ്ങുന്ന ഈ രാജ്യം സഞ്ചാരികൾക്ക് നല്ലൊരു യാത്ര അനുഭവം നൽകുമെന്നത് തീർച്ച.
8. അയോദ്ധ്യ
2014 ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരിഞ്ഞ ഇടങ്ങളിൽ എട്ടാം സ്ഥാനത്തുള്ളത് അയോധ്യയാണ്. ഉത്തർപ്രദേശിലെ മികച്ച വിനോദ സഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ് അയോദ്ധ്യ. 2024 ൽ ആദ്യ ആറ് മാസത്തിനുള്ളിൽ 11 കോടിയിലധികം വിനോദ സഞ്ചാരികളാണ് അയോദ്ധ്യ സന്ദർശിക്കാൻ എത്തിയത്. ഇതിൽ വിദേശ സഞ്ചാരികളും ഉൾപ്പെടുന്നു.
9. കാശ്‌മീർ
കശ്‍മീറാണ് ഈ പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ളത്. തലയെടുപ്പോടെ പരന്ന് കിടക്കുന്ന മലകളും തുള്ളിച്ചാടി ഒഴുകുന്ന അരുവികളും പച്ച വിരിച്ച താഴ്വാരങ്ങളും കശ്‍മീരിനെ അതി മനോഹരമാക്കുന്നു. ഇവിടുത്തെ പ്രകൃതി രമണീയത തന്നെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം. മഞ്ഞുകാലത്താണ് ഇവിടേയ്ക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നത്. കണ്ണെത്താ ദൂരത്തോളം മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന മലനിരകളുടെ വിസ്‌മയ കാഴ്‌ച കാണാൻ ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് കശ്‍മീരിൽ എത്തുന്നത്. യൂസ്‌മാർഗ്, ഗുരെസ് താഴ്വര, ലോലാബ് വാലി, അഹർബൽ വെള്ളച്ചാട്ടം, ദൂധപത്രി എന്നിവിടങ്ങളാണ് കശ്‍മീരിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ.
10. ദക്ഷിണ ഗോവ
ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ടൂറിസ്റ്റ് ഇടങ്ങളിൽ പത്താം സ്ഥാനത്താണ് ദക്ഷിണ ഗോവ. ഇന്ത്യയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. ശാന്തമായ ഒരിടം തേടുന്നവർക്ക് ദക്ഷിണ ഗോവ എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ്. നൈറ്റ് ലൈഫ് ആസ്വദിക്കാൻ ഇഷ്‌ടപ്പെടുന്നവർക്കും ദക്ഷിണ ഗോവ തിരഞ്ഞെടുക്കാം. ബട്ടർഫ്‌ളൈ ബീച്ച്, പാലോലം ബീച്ച്, കോൾവാ ബീച്ച്, ശ്രീ മല്ലികാർജുന ക്ഷേത്രം, കൊട്ടിഗാവ് വന്യജീവി സങ്കേതം എന്നിവയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ.
Also Read : മഞ്ഞുമലകളും തണുപ്പും ആവോളം ആസ്വദിക്കാം; വരൂ ഭൂമിലെ സ്വർഗത്തിലേക്ക് പോകാം