വാഷിംഗ്‌ടൺ : ഹൃദയസ്‌തംഭനം ഉണ്ടായതിന് ശേഷം സ്‌ത്രീകളിൽ നാല് മാസത്തോളം ഇതുമായി ബന്ധപ്പെട്ട ഉത്കണ്‌ഠ നിലനില്‍ക്കുന്നതായി പഠനങ്ങൾ. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ശാസ്ത്രീയ സമ്മേളനമായ ഇഎസ്‌സി അക്യൂട്ട് കാർഡിയോവാസ്‌കുലാർ കെയർ 2023ലാണ് പഠനം അവതരിപ്പിച്ചത്. 40ശതമാനം സ്ത്രീകളെ 23 ശതമാനം പുരുഷന്മാരുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്.
ഹൃദയസ്‌തംഭനം മുന്നറിയിപ്പ് ഇല്ലാതെ സംഭവിക്കുന്നതുകൊണ്ട് തന്നെ ഇത് പിന്നീടുള്ള ഉത്കണ്‌ഠയ്‌ക്ക് കാരണമാകുന്നുവെന്ന് ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഡോക്‌ടറും പഠനരചയിതാവുമായ ഡോ. ജെസ്‌പർ കെജെർഗാഡ് പറഞ്ഞു. ഹൃദയസ്‌തംഭനത്തിന് ശേഷമോ രോഗനിർണയത്തിന് ശേഷമോ രോഗികളുടെ ജീവിതരീതിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു. അത്തരത്തിൽ പെട്ടെന്നുള്ള ജീവിതരീതിയിലെ മാറ്റം സമ്മർദവും ഉത്കണ്‌ഠയും വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. സ്ത്രീകളെയാണ് മാനസികമായി ഇത് കൂടുതൽ ബാധിക്കുകയെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.
പല രാജ്യങ്ങളിലും സംഭവിക്കുന്ന അഞ്ച് മരണങ്ങളുടെ കണക്കെടുത്താൽ അതിൽ ഒരു മരണം ഹൃദയസ്‌തംഭനം മൂലം ഉണ്ടാകുന്നതാണ്. ഹൃദയം അപ്രതീക്ഷിതമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുന്നു. ഈ അവസ്ഥയിൽ ഏറ്റവും വേഗത്തിൽ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അത് മരണത്തിനിടയാക്കിയേക്കാം. ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തിൽ 10 മുതൽ 20 മിനിട്ടിനുള്ളിൽ മരണം സംഭവിച്ചേക്കാം.
ഗുരുതരമായ ഈ അവസ്ഥയ്ക്ക് ശേഷം രോഗികളിൽ ഉത്കണ്‌ഠയും വിഷാദവും പതിവായി കാണപ്പെടുന്നു. കൂടാതെ രോഗികളുടെയും അവരുടെ കുടുംബത്തിന്‍റെയും ജീവിത നിലവാരവും കുറയുന്നു. ഹൃദയസ്‌തംഭനത്തെ അതിജീവിച്ചവരിൽ ഉത്കണ്‌ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നിവയുടെ വ്യാപനം പഠനത്തിലൂടെ ഗവേഷകർ വിലയിരുത്തി. രോഗലക്ഷണങ്ങളുടെ തീവ്രതയില്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യാസമുണ്ടോ എന്നും പരിശോധിച്ചു.
2016നും 2021നും ഇടയിൽ സമൂഹത്തിൽ ഹൃദയസ്‌തംഭനം സംഭവിക്കുകയും കോമയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്‌ത 245 രോഗികളെ പഠനത്തിൽ ഉൾപ്പെടുത്തി. തുടർന്ന് പഠനത്തിൽ പങ്കെടുത്തവരുടെ നാല് മാസത്തെ ഫോളോ അപ്പ് അപ്പോയിന്‍റ്മെന്‍റിൽ മാനസിക ലക്ഷണങ്ങൾ വിലയിരുത്തി. അത് അനുസരിച്ചാണ് സ്‌ത്രീകളിൽ ഹൃദയസ്‌തംഭനം പിന്നീടുള്ള ഉത്കണ്‌ഠയ്‌ക്ക് ഇടയാക്കുന്നു എന്ന് കണ്ടെത്തിയത്.
ഉത്കണ്‌ഠയും വിഷാദവും ഹോസ്‌പിറ്റൽ ആങ്സൈറ്റി ആൻഡ് ഡിപ്രഷൻ സ്കെയിൽ (HADS) ഉപയോഗിച്ചാണ് അളക്കുന്നത്. പരിശോധനയുടെ അടിസ്ഥാനത്തിൽ സ്കോറുകൾ രേഖപ്പെടുത്തി. ഉത്കണ്‌ഠയുടെ ഫലങ്ങൾ കൂടുതൽ വിശദമായി നോക്കുമ്പോൾ, 11% പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ 23% സ്ത്രീകൾക്ക് 8 മുതൽ 10 വരെ സ്കോർ ഉണ്ട്, 20% സ്ത്രീകളെ 12% പുരുഷന്മാരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ 11 അല്ലെങ്കിൽ അതിൽ കൂടുതലുമാണ് സ്‌കോര്‍.
പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് പിടിഎസ്‌ഡിയുടെ (post-traumatic stress disorder) അളവ് വളരെ കൂടുതലായിരുന്നു (യഥാക്രമം ശരാശരി സ്കോർ 33 vs. 26). പുരുഷന്മാരിലും സ്ത്രീകളിലും, ഉത്കണ്‌ഠ പിടിഎസ്‌ഡി ലക്ഷണങ്ങളുമായി കാര്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസ്‌തംഭനത്തിന്‍റെ മാനസിക പ്രത്യാഘാതങ്ങൾ മാസങ്ങളോളം നിലനിൽക്കുമെന്ന് ക്ലിനിക്കൽ പ്രാക്‌ടീസിലൂടെ തങ്ങൾ കണ്ടെത്തി എന്ന് ഡോ. കെജെർഗാർഡ് പറഞ്ഞു.
ഹൃദയസ്‌തംഭനവുമായി ബന്ധപ്പെട്ട ഉത്കണ്‌ഠ, വിഷാദം, സമ്മർദം എന്നിവയെക്കുറിച്ച് അവരുടെ ആരോഗ്യപരിപാലന വിദഗ്‌ധരോട് പറയാൻ രോഗികളെ പ്രോത്സാഹിപ്പിക്കണം. ഒരു പ്രൊഫഷണലുമായി സംസാരിക്കുന്നത് മാനസിക ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമോ എന്ന് അന്വേഷിക്കാൻ ഭാവി പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.