ഹൈദരാബാദ് : ആരോഗ്യപൂര്‍ണമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. ആരോഗ്യത്തിന് എട്ട് മണിക്കൂര്‍ ഉറക്കം മാത്രം മതിയെന്നാണ് ചില ആളുകളുടെ ധാരണ. എന്നാല്‍, രാത്രിയിലെ ഉറക്കം കൂടാതെ തന്നെ ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങുന്നതും ജീവിതത്തില്‍ അത്യാവശ്യമാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷനിസ്‌റ്റായ രുജുത ദിവേകര്‍ പറയുന്നു.
ജോലിയെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ക്കും ഉച്ച സമയത്ത് ഉറക്കം സാധ്യമല്ല. എന്നാല്‍, നിങ്ങള്‍ എവിടെയാണെങ്കിലും എന്ത് തന്നെ ചെയ്‌താലും ഉച്ചഭക്ഷണത്തിന് ശേഷം അരമണിക്കൂര്‍ എങ്കിലും മയങ്ങുന്നത് ആരോഗ്യത്തിന് ധാരാളം ഗുണം ചെയ്യും. എന്നാല്‍, ഉച്ചയ്‌ക്ക് ഉറങ്ങിയാല്‍ രാത്രിയില്‍ ഉറക്കം നഷ്‌ടമാകുമോ എന്ന ഭയത്തെ തുടര്‍ന്ന് ഭൂരിപക്ഷം ആളുകളും ഉച്ചയ്‌ക്ക് ഉറങ്ങാറില്ല. അല്ലാത്തപക്ഷം, ഓഫിസിലും വീടുകളിലുമുള്ളവര്‍ക്ക് ജോലിയെ തുടര്‍ന്ന് ഉറക്കം സാധ്യമാകുകയുമില്ല.
ഉച്ച ഉറക്കത്തിന്‍റെ ഗുണങ്ങള്‍ : മധ്യവയ്‌സകരായ ആളുകള്‍ക്ക് ഉച്ചനേരത്തുള്ള ഉറക്കം ധാരാളം ഗുണങ്ങള്‍ ചെയ്യുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മടി നീക്കാനും നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സാധിക്കുമെന്നാണ് പഠനത്തില്‍ നിന്നും തെളിഞ്ഞത്. അല്‍പ നേരത്തേയ്‌ക്കെങ്കിലും ഉച്ചസമയത്ത് ഒരു ചെറിയ ഇടവേളയെടുക്കുന്നത് ഓര്‍മശക്തി, ജിജ്ഞാസ തുടങ്ങിയവ വര്‍ധിപ്പിക്കുന്നതോടൊപ്പം ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുന്നു. എത്ര നേരം ഉറങ്ങണം ?, ഉച്ച നേരത്ത് ഉറങ്ങുന്നത് ഉത്തമമാണോ ?, ഉറങ്ങുമ്പോള്‍ എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം ? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ക്ക് സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, നിരന്തരം ഉച്ച നേരത്ത് ഉറങ്ങുന്നത് വഴി എന്തെല്ലാം ഗുണങ്ങളുണ്ട് എന്നത് പരിശോധിക്കാം.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഉറക്കം ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായകമാകുന്നു. കൂടാതെ, അമിതമായി രക്തസമ്മര്‍ദമുള്ളവര്‍ക്കും ഹൃദ്രോഗികളായവര്‍ക്കും ഗുണം ചെയ്യും. വിട്ടുമാറാത്ത രോഗങ്ങളായ പിസിഒഎസ്, തൈറോയിഡ്, പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ മൂലം ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് തടസം നേരിടുന്ന അവസ്ഥയുണ്ടാകും. ഇത്തരം അവസ്ഥയിലുള്ളവര്‍ ഉച്ചനേരത്ത് ഉറങ്ങുന്നതിലൂടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമായി നടക്കുകയും അതുവഴി രോഗങ്ങള്‍ നിയന്ത്രണ വിധേയമാവുകയും ചെയ്യും.
രോഗങ്ങള്‍ ഇല്ലാതാക്കുന്നു : ദഹനപ്രക്രിയ കൃത്യമായി നടക്കാത്തതിനാലാണ് വയറുവേദന, മലബന്ധം, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്ക് കാരണമാകുന്നത്. ഉച്ചനേരത്തുള്ള ഉറക്കം ദഹനപ്രക്രിയയ്‌ക്ക് ഏറെ ഗുണം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഉച്ചയുറക്കം ത്യജിച്ചുകൊണ്ട് വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് കൂടുതല്‍ സമ്മര്‍ദത്തിന് കാരണമാകുന്നു. ഇത് ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം മുഖക്കുരു, താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ തന്നെ സമ്മര്‍ദമില്ലാത്ത ദിവസത്തിന് ഉച്ച മയക്കം ഗുണം ചെയ്യുന്നു.
നിങ്ങളുടെ രാത്രി കാലങ്ങളിലെ ഉറക്കത്തെ ഉച്ചമയക്കം ബാധിക്കില്ല. രാത്രി നേരത്തുള്ള ഉറക്കത്തെ വര്‍ധിപ്പിക്കുവാന്‍ ഉച്ചമയക്കം സഹായിക്കുന്നു. അതിനാല്‍, ഉറക്കമില്ലായ്‌മ മൂലമുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍, തുടര്‍ച്ചയായ യാത്രകള്‍ മൂലം ക്ഷീണമുനുഭവിക്കുന്നവര്‍, പൊതുവായി തിരക്കുള്ള ജീവിതം നയിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത് ഗുണകരമാണ്.
കൂടാതെ, ശാരീരികമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുവാനും മാനസികമായ സമാധാനം നല്‍കുവാനും സഹായിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്‌ക്കുവാനും ഗുണകരമാണ്. നിങ്ങളുടെ ജോലികള്‍ മികച്ചതാക്കണമെങ്കില്‍ നിങ്ങളുടെ ഉച്ചമയക്കം കൃത്യമായി ക്രമീകരിക്കണം. എത്ര നേരം, ഏത് സമം ഉറങ്ങണം എന്നിവയെക്കുറിച്ച് കൃത്യമായി ധാരണയുണ്ടാകണം.
ഈ പ്രക്രിയയെ ആയുര്‍വേദത്തില്‍ 'വാമകുക്‌ഷി' എന്ന് വിളിക്കുന്നു. ഉച്ചമയക്കത്തിന്‍റെ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കാനായി പാലിക്കേണ്ട ചില കാര്യങ്ങള്‍.
ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ : ഉച്ചഭക്ഷണത്തിന് ശേഷം ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള ഏത് സമയത്തും ഉറങ്ങാം. മുതിര്‍ന്നവര്‍ക്ക് 10-30 മിനിറ്റ്, കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് 90 മിനിറ്റ് വരെയും ഉറക്കം മതിയാകും. വീടുകളില്‍ ഉറങ്ങുന്നവര്‍ ബെഡില്‍ തന്നെ കിടന്നുറങ്ങേണ്ടതാണ്.
ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഓഫിസിന്‍റെ നിയമം അനുവദിക്കുകയാണെങ്കില്‍ ഡെസ്‌കില്‍ തലവച്ച് കിടന്നുറങ്ങുക. ഓഫിസിലുള്ളവര്‍, സൗകര്യപ്രദമെങ്കില്‍ തങ്ങള്‍ ഇരിക്കുന്ന കസേരയില്‍ ഇരുന്ന് ഉറങ്ങാവുന്നതാണ്. അഥവാ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ജനാലയിലൂടെ ആകാശത്തേയ്‌ക്ക് നോക്കിയിരിക്കുക വഴി നിങ്ങളുടെ മനസും ശരീരവും ശാന്തമാകുന്നു.
ഉച്ചസമയത്ത് ഉറങ്ങുന്നവര്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഒരു ദിവസം മുഴുവന്‍ കഠിനമായി അധ്വാനിച്ച ശേഷം വൈകുന്നേരങ്ങളില്‍ കിടന്നുറങ്ങുന്നവര്‍ ഉണ്ട്. നാല് മണി മുതല്‍ ഏഴ് മണി വരെയുള്ള നേരത്ത് ഉറങ്ങുന്നത് ഒഴിവാക്കുക.
ഒഴിവാക്കേണ്ടവ : ഉച്ചയൂണിന് ശേഷം ചായ, കാപ്പി, ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇവ നിങ്ങളുടെ ഉറക്കത്തിന് തടസം സൃഷ്‌ടിക്കുന്നു. ടിവിയോ മൊബൈല്‍ ഫോണോ കണ്ടുകൊണ്ട് ഉറങ്ങുന്നത് നിങ്ങളില്‍ സമ്മര്‍ദം സൃഷ്‌ടിക്കുകയും ഉറക്കം തടസപ്പെടുവാന്‍ കാരണമാവുകയും ചെയ്യുന്നു.