താനൂർ ബോട്ട് ദുരന്തം: മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലേക്ക്, സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം - ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിൽ
മന്ത്രിമാർ അപകടം നടന്ന താനൂരിലേക്ക് തിരിച്ചിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
തിരുവനന്തപുരം: വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടമുണ്ടായ മലപ്പുറം ജില്ലയിലെ താനൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. സംഭവത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി മലപ്പുറം ജില്ല കലക്‌ടർക്ക് നിർദേശം നൽകിയിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹ്മാൻ എന്നിവർക്കാണ് രക്ഷാപ്രവർത്തനത്തിന്‍റെ ഏകോപന ചുമതല.
അതേസമയം താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് (08.05.2023) നടത്താനിരുന്ന താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചതായി മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിമാർ അപകടം നടന്ന താനൂരിലേക്ക് തിരിച്ചിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്നും താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് ഞായറാഴ്‌ച രാത്രി 7.30 ഓടെയാണ് അപകടത്തിപ്പെട്ടത്. തീരത്ത് നിന്ന് 300മീറ്റർ അകലെയാണ് ബോട്ട് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. 35 ഓളം പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. സംഭവ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 22 പേർ അപകടത്തിൽ ഇതിനോടകം മരിച്ചിട്ടുണ്ട്.
പ്രദേശത്തെ വെളിച്ചക്കുറവ് ഇന്നലെ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് അപകടകാരണം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പോസ്‌റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദേശം: മലപ്പുറം താനൂരിലെ ബോട്ട് അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനും പോസ്‌റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കി മൃതദേഹങ്ങൾ വിട്ടുനൽകാനും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
തൃശൂര്‍, കോഴിക്കോട് ജില്ലകളിൽ നിന്ന് ആവശ്യത്തിന് ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ എത്തിക്കാനും മന്ത്രി നിർദേശം നൽകി. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിൽ പോസ്‌റ്റ്‌മോർട്ടം നടത്തും. മഞ്ചേരിയ്ക്ക് അടുത്തുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ച് പോസ്‌റ്റ്‌മോർട്ടം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.
തിങ്കളാഴ്‌ച രാവിലെ ആറ് മണിക്ക് തന്നെ പോസ്‌റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കണമെന്നും മന്ത്രി കർശന നിർദേശം നൽകിയുരുന്നു. ഇതനുസരിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ വച്ച് തന്നെ സൗകര്യം ഒരുക്കി പോസ്‌റ്റ്‌മോർട്ടം നടത്തണമെന്നും മന്ത്രി പറഞ്ഞു.
Also Read: താനൂരില്‍ മരണ സംഖ്യ 22 കടന്നു; മരിച്ചവരിൽ മൂന്ന് വയസുകാരൻ ഉള്‍പ്പെടെ നിരവധി കുഞ്ഞുങ്ങൾ