മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂരില്‍ രത്തന്‍പുര ഗ്രാമത്തില്‍ ബോച്ചഹാന്‍ ബ്ലോക്കില്‍ മാറ്റത്തിന്‍റെ കാഹളം മുഴക്കുകയാണ് രണ്ട് വനിതകൾ. ബലേശ്വരി ദേവി, ഉഷാദേവി എന്നിവരാണവർ. കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതിന് തുടക്കമിട്ടാണ് ഇവർ തങ്ങളുടെ നാട്ടിൽ മാറ്റം കൊണ്ടുവരുന്നത്.
കര്‍ഷകരില്‍ മാറ്റത്തിന്‍റെ മുഖം സൃഷ്‌ടിക്കുക മാത്രമല്ല ഈ സ്‌ത്രീകൾ ചെയ്‌തിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ സ്വന്തം കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ മറ്റുള്ളവരെ ഇവര്‍ സഹായിക്കുകയും, ഒപ്പം സംരംഭകത്വത്തിലേക്ക് കടക്കാന്‍ അവര്‍ക്ക് പ്രചോദനമാകുകയും കൂടി ചെയ്യുന്നു ഇവര്‍.
2023 വരെ സാധാരണ വീട്ടമ്മമാരെ പോലെ വീട്ടു ജോലികളും ചെയ്‌ത് കന്നുകാലികളെ മേയ്‌ച്ചും കഴിഞ്ഞിരുന്നവരാണ് ഇവര്‍. എന്നാല്‍ തങ്ങളുടെ ജീവിതോപാധി സ്വന്തം കൈകൊണ്ട് തന്നെ വേണമെന്ന് ഇവര്‍ തീരുമാനിച്ചതോടെയാണ് ജീവിതം മാറി മറിഞ്ഞത്. തങ്ങളുടെ കൃഷിയിടങ്ങളില്‍ ഇവര്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന പമ്പുകള്‍ ഉപയോഗിച്ച് കൊണ്ട് മാറ്റത്തിന് തുടക്കം കുറിച്ചു. സ്വന്തം കൃഷിയിടത്തില്‍ സൗരോര്‍ജ്ജ പമ്പുകള്‍ ഉപയോഗിക്കുന്നതിന് പുറമെ മറ്റ് കര്‍ഷകര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സൗരോര്‍ജ്ജ ജലസേചന സൗകര്യത്തിലൂടെ വെള്ളം നല്‍കാന്‍ തുടങ്ങിക്കൊണ്ട് സംരംഭകത്വത്തിലേക്കു കൂടി കടന്നു അവര്‍. ഇത് അവരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുസാഫര്‍പൂരിലെ കര്‍ഷകര്‍കര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് വെള്ളമെത്തിക്കുക എന്നത് വലിയ പണച്ചെലവുള്ള കാര്യമാണ്. ഡീസല്‍ പമ്പുകള്‍ക്ക് ചെലവ് കൂടുതലാണ്. അടിക്കടി കറണ്ട് പോകുന്നതിനാല്‍ വൈദ്യുത പമ്പുകളെ വിശ്വസിക്കാനും കഴിയില്ല. അങ്ങനെയാണ് ഇവരുടെ ജീവിതത്തിലേക്ക് മാറ്റത്തിന്‍റെ കാറ്റുമായി സൗരോര്‍ജ്ജ പമ്പുകള്‍ എത്തിയിരിക്കുന്നത്.
മിക്ക കര്‍ഷകര്‍ക്കും വളരെ കുറച്ച് കൃഷി ഭൂമി മാത്രമാണ് ഉള്ളത്. ഡീസല്‍-വൈദ്യുത പമ്പുകളുടെ ഉയര്‍ന്ന ചെലവ് ഇവര്‍ക്ക് വലിയ തലവേദനയാണ് സൃഷ്‌ടിക്കുന്നതെന്ന് ഉഷാദേവി പറഞ്ഞു. ഡീസല്‍ പമ്പുകള്‍ക്ക് 200 രൂപ വരെ ചെലവ് വരുന്നിടത്ത് സൗരോര്‍ജ്ജ പമ്പുകള്‍ ഉപയോഗിച്ച് ഇതിന്‍റെ പകുതി ചെലവില്‍ വെള്ളമെത്തിക്കാനാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ ഇന്ധനം ആവശ്യമില്ല. കേവലം സൂര്യപ്രകാശം മാത്രം മതി. അത് കൊണ്ട് തന്നെ ജലസേചനം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു. അത് കൊണ്ട് തന്നെ ഡീസലിന്‍റെ വിലയിലുണ്ടാകുന്ന വ്യത്യാസം ഇവരെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നില്ല. കറന്‍റ് പോകുമെന്ന ആശങ്കയുമില്ലാതെ ഇവര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കുന്നു.
സൗരോര്‍ജ്ജ ജലസേചനത്തിലൂടെ കേവലം നിരക്ക് കുറയ്ക്കല്‍ മാത്രമല്ല സാധിക്കുന്നതെന്നും ഈ സ്‌ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യത്യസ്‌ത ഇനം വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് കരുത്താകുകയും ചെയ്യുന്നു. ധാന്യങ്ങള്‍ക്കും പരിപ്പുകള്‍ക്കും പുറമെ നാണ്യവിളകളായ പച്ചക്കറികള്‍ കൂടി പരീക്ഷിക്കാന്‍ ഇത് ധൈര്യം നല്‍കുന്നു. മികച്ച വിളകളെന്നാല്‍ ഉയര്‍ന്ന ലാഭം എന്ന് തന്നെയാണ് അര്‍ത്ഥം.
'സൗര്‍ജ്ജം കുടിയേറ്റം തടഞ്ഞത് എങ്ങനെയെന്ന് കൂടി ബലേശ്വരി ദേവി പറയുന്നു. നേരത്തെ മിക്കവരും തൊഴില്‍ തേടി നഗരങ്ങളിലേക്ക് ചേക്കേറിയിരുന്നു. എന്നാലിപ്പോൾ ഇവര്‍ക്ക് ഇവിടെ തന്നെ തൊഴില്‍ കിട്ടുന്നു. കൃഷിയിടത്തിലും പമ്പ് പ്രവര്‍ത്തിപ്പിക്കാനുമൊക്കെയുള്ള തൊഴിലുകള്‍ ഇപ്പോള്‍ ഇവിടെയുണ്ട്,' അവര്‍ വിശദീകരിക്കുന്നു. പലയിടങ്ങളിലും ചെറുകിട കര്‍ഷകര്‍ തൊട്ടടുത്തുള്ള കര്‍ഷകരില്‍ നിന്ന് വെള്ളം വാങ്ങുന്നതായിരുന്നു നേരത്തെ പതിവ്. എന്നാല്‍ ഇപ്പോഴിത് അവസാനിച്ചിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ബലേശ്വരിയും ഉഷയും ഗ്രാമത്തിലെ മിക്ക സ്‌ത്രീകള്‍ക്കും ഇപ്പോള്‍ പുതിയ വഴി തുറന്ന് നല്‍കിയിരിക്കുന്നു. മുസാഫര്‍പൂരില്‍ അങ്ങോളമിങ്ങോളമുള്ള 90 സ്‌ത്രീകള്‍ ഇപ്പോള്‍ സംരംഭകരായി മാറിയിരിക്കുന്നു. സൗരോര്‍ജ്ജ പമ്പുകളിലൂടെ ഇവര്‍ മൂവായിരത്തിലേറെ കര്‍ഷകരെ സഹായിക്കുന്നു. ജീവിക, ആഗാഖാന്‍ റൂറല്‍ സപ്പോര്‍ട്ട് പ്രോഗ്രാം(എകെആര്‍എസ്‌പി) എന്നിവയിലൂടെ ഇതേക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും വിഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഇവർ വഴിയുള്ള മാറ്റം പ്രകടമാണെന്ന് എകെആര്‍എസ്‌പിയുടെ ടീം ലീഡര്‍ മുകേഷ് കുമാര്‍ പറയുന്നു. കര്‍ഷകര്‍ക്ക് ഇപ്പോള്‍ സമയത്ത് വെള്ളം കിട്ടുന്നുണ്ട്. അതും വളരെ കുറഞ്ഞ ചെലവില്‍. ഒരുറപ്പും ഇല്ലാത്ത വൈദ്യുതിയെയോ വിലകൂടിയ ഡീസലിനെയോ ഇപ്പോള്‍ അവര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നില്ല. ഇത് അവരുടെ സമ്പാദ്യത്തിലും ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ യാത്ര സ്‌ത്രീകള്‍ക്ക് അത്ര സുഖകരമല്ല. സൗരോര്‍ജ്ജ പമ്പുകളെക്കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താനും വിശ്വസിപ്പിക്കാനും സമയമെടുക്കുന്നുണ്ടെന്നും ബലേശ്വരി വ്യക്തമാക്കുന്നു. എന്നാല്‍ ഒരിക്കല്‍ ഇതിന്‍റെ ഫലം അവര്‍ മനസിലാക്കിയാല്‍ പിന്നെ അവര്‍ പിന്തിരിഞ്ഞ് നോക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ ഈ സ്‌ത്രീകള്‍ കുടുംബത്തിന് വേണ്ടി നന്നായി സമ്പാദിക്കുക മാത്രമല്ല മറിച്ച് അവരുടെ സമൂഹത്തെ കൂടുതല്‍ സുസ്ഥിരമായ ഒരു കാര്‍ഷിക സംസ്‌കാരത്തിലേക്ക് നയിക്കുക കൂടി ചെയ്യുന്നു. കര്‍ഷകരുടെ പണം സംരക്ഷിച്ച് കൊണ്ട് അവര്‍ക്ക് മികച്ച വിളവ് നേടിക്കൊടുക്കാന്‍ അവരെ സഹായിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നു. സ്‌ത്രീകള്‍ക്കും ഇതൊക്കെ ചെയ്യാനാകുമെന്ന് തെളിയിക്കുക കൂടിയാണ് തങ്ങള്‍. അതും നന്നായി തന്നെ. ഇതും നല്‍കുന്നത് സ്‌ത്രീശാക്തീകരണത്തിന്‍റെ പാഠങ്ങള്‍ തന്നെയെന്നും ഉഷ ചൂണ്ടിക്കാട്ടുന്നു.
ബൊച്ചഹാനിലെ സൗരോര്‍ജ്ജ ജലസേചനത്തിന്‍റെ ഫലങ്ങള്‍ കാട്ടുന്നത് ഇതൊരു തുടക്കം മാത്രമാണെന്നാണ്. കൂടുതല്‍ സ്‌ത്രീകള്‍ ഈ രംഗത്തേക്ക് ഇനിയും കടന്ന് വരും. ആളുകള്‍ക്ക് ഇതിനകം തന്നെ ഇതിന്‍റെ പ്രയോജനങ്ങള്‍ മനസിലായി തുടങ്ങിയിട്ടുണ്ട്. നാട്ടിലെ കര്‍ഷകര്‍ക്ക് പണച്ചെലവ് കുറഞ്ഞിട്ടുണ്ട്. സ്‌ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ഗ്രാമങ്ങള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറിത്തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. സൗരോര്‍ജ്ജം ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചതായും ഉഷ വ്യക്തമാക്കുന്നു. വീട്ടമ്മമാരില്‍ നിന്ന് സംരംഭകരിലേക്ക് ഞങ്ങള്‍ മാറി. ഇത് ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് മാത്രമല്ല മറിച്ച് ഞങ്ങള്‍ക്ക് സമൂഹങ്ങള്‍ക്ക് മൊത്തം ഗുണകരമായെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.