ഡല്‍ഹി: വർഗീയ പ്രശ്‌നങ്ങൾ നടക്കുന്നിടത്തെല്ലാം ബിജെപിയാണ് ഒരു പക്ഷത്തെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍. ക്രിസ്‌മസ് ആഘോഷത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ച പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'എവിടെയെല്ലാം വർഗീയ പ്രശ്‌നങ്ങൾ ഉണ്ടായാലും ഒരു വശത്ത് ബിജെപി ഉണ്ടാകും. അതുകൊണ്ടാണ് സുപ്രീം കോടതിയും ഇക്കാര്യത്തിൽ ഇടപെട്ടത്. ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട് കോടതി വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്... ഇന്നലെ ക്രിസ്‌മസ് ആഘോഷ വേളയിൽ പ്രധാനമന്ത്രി സാമുദായിക സൗഹാർദത്തെക്കുറിച്ചാണ് സംസാരിച്ചത്. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം മണിപ്പൂർ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തത്?' കെസി വേണുഗോപാല്‍ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ ആര്‍എസ്‌എസ് മേധാവി മോഹൻ ഭാഗവതിൻ്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായതോടെ, സമാനമായ തർക്കങ്ങൾ ഉയർത്തികൊണ്ടു വരേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പിന്നാലെ ചില വ്യക്തികൾ ഇത്തരം പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി 'ഹിന്ദുക്കളുടെ നേതാക്കളാകാൻ' ശ്രമിക്കുന്നു. രാമക്ഷേത്രം ഹിന്ദുകളുടെ വികാരമായിരുന്നുവെന്നും, എന്നാല്‍ ഇതിനുപിന്നാലെ ഉയര്‍ന്നുവരുന്ന തര്‍ക്കങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹമാണ് വേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്ത് ഭൂരിപക്ഷം ന്യൂനപക്ഷം എന്നൊന്നുമില്ല, ഒരുമിച്ചു ജീവിക്കാൻ കഴിയുമെന്ന് ലോകത്തെ കാണിക്കേണ്ടതുണ്ടെന്നും ഭാഗവത് പറഞ്ഞു. 'ഇന്ത്യ - വിശ്വഗുരു' എന്ന വിഷയത്തിൽ പൂനെയില്‍ പ്രഭാഷണം നടത്തവെയാണ് രാജ്യത്തെ എല്ലാവരും ഒരുമിച്ച് പോകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.