കട്ടക്ക്: പിരിച്ചുവിടപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ വിനോദ് കുമാര്‍ പത്താം തവണയും കുറ്റക്കാരനെന്ന് കണ്ടെത്തി ഭുവനേശ്വറിലെ പ്രത്യേക വിജിലന്‍സ് കോടതി. 27 അഴിമതി കേസുകളാണ് ഒഡിഷ കേഡറുകാരനായ വിനോദ് കുമാറിനെതിരെയുള്ളത്. 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറിനെ 2022 ഫെബ്രുവരിയിലാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. കോടിക്കണക്കിന് രൂപയുടെ ഭവന പദ്ധതി അഴിതിയിലായിരുന്നു നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021ല്‍ വിജിലന്‍സ് കോടതി ആദ്യമായി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി വാങ്ങി സര്‍വീസില്‍ നിന്ന് നീക്കുകയായിരുന്നു. വിനോദ് കുമാര്‍ വായ്‌പകള്‍ അനധികൃതമായി നല്‍കിയെന്നും ഇതിന് വായ്‌പയെടുത്തവരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. ഒറിസ ഗ്രാമീണ ഭവന വികസന കോര്‍പ്പറേഷന്‍റെ എംഡിയായി 2001ല്‍ സേവനമനുഷ്‌ഠിക്കുന്ന വേളയിലായിരുന്നു അഴിമതി നടത്തിയത്.
അഴിമതി കേസില്‍ സംസ്ഥാന സര്‍വീസില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. 33.34 കോടി രൂപയുടെ വായ്‌പയാണ് ഇയാളുടെ കാലയളവില്‍ അനധികൃതമായി അനുവദിച്ചത്. 1999ലെ വലിയ കൊടുങ്കാറ്റ് സംസ്ഥാനത്തെ മുഴുവന്‍ കശക്കിയെറിഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്തരത്തില്‍ വന്‍ തോതില്‍ വായ്‌പകള്‍ അനുവദിച്ചത്.
ഔദ്യോഗിക പദവിയുടെ ദുരുപയോഗം, കുറ്റകരമായ തെറ്റുകള്‍, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങി നിരവധി ചാര്‍ജുകള്‍ വിനോദ്‌കുമാറിനെതിരെ ചുമത്തി. ഇന്നത്തെ ഉത്തരവിലൂടെ മൂന്ന് വര്‍ഷത്തെ കഠിന തടവാണ് വിജിലന്‍സ് കോടതി വിധിച്ചിട്ടുള്ളത്. ഇതിന് പുറമെ 25000 രൂപ പിഴ ഒടുക്കുകയും വേണം.
Also Read:കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പിടിയിൽ