ധർമടത്ത് മത്സരിക്കുന്നത് സമരസമിതിയുടെ ലക്ഷ്യ പൂർത്തീകരണത്തിന്: സി.ആർ. നീലകണ്‌ഠൻ - തെരഞ്ഞെടുപ്പ് 2021
ധർമ്മടത്തെ അമ്മമാരുടെ പ്രതികരണത്തിനു പിന്നാലെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് നീലകണ്‌ഠൻ പറഞ്ഞു.
![ധർമടത്ത് മത്സരിക്കുന്നത് സമരസമിതിയുടെ ലക്ഷ്യ പൂർത്തീകരണത്തിന്: സി.ആർ. നീലകണ്‌ഠൻ C.R. Neelakandan സി.ആർ. നീലകണ്‌ഠൻ Dharmadam ധർമ്മടം സമരസമിതി strike committee വാളയാർ walayar walayar case വാളയാർ കേസ് walayar mother വാളയാർ അമ്മ പിണറായി വിജയൻ pinarayi vijayan പാലക്കാട് palakkad election 2021 assembly election 2021 തെരഞ്ഞെടുപ്പ് 2021 നിയമസഭ തെരഞ്ഞെടുപ്പ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11044953-thumbnail-3x2-ui.jpeg?imwidth=3840)
പാലക്കാട്: ധർമടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നത് സംയുക്ത സമരസമിതിയുടെ ലക്ഷ്യ പൂർത്തീകരണത്തിന് വേണ്ടിയെന്ന് സമരസമിതി നേതാവ് സി.ആർ. നീലകണ്‌ഠൻ. കേരളത്തിലെ മുഴുവൻ ജില്ലകളിലും നീതിയാത്ര നടത്തി വരുകയായിരുന്ന സമരസമിതി ധർമടം നിവാസികളോട് പിണറായി വിജയൻ വോട്ടഭ്യർഥിക്കാനെത്തുമ്പോൾ വാളയാർ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടികളുടെ അമ്മ തന്നെ സ്ഥാനാർഥിയായിക്കൊണ്ട് ഈ ചോദ്യങ്ങൾ നേരിട്ട് ഉന്നയിക്കുന്നതല്ലേ ഉചിതം എന്നു ധർമടത്തെ വീട്ടമ്മമാരും മറ്റു നിവാസികളും പ്രതികരിച്ചപ്പോഴാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് നീലകണ്‌ഠൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്നേ വാളയാർ വിഷയത്തിൽ അനധികൃതമായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വാളയാർ അമ്മ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കാത്തതിനെ തുടർന്ന് തലമുണ്ഡനം ചെയ്തു കൊണ്ടാണ് വാളയാർ അമ്മയും സംയുക്ത സമരസമിതിയും പ്രതിഷേധിച്ചത്.
വാളയാർ വിഷയത്തിൽ സർക്കാർ അനീതി കാണിച്ചെന്ന സന്ദേശം കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് കേരളത്തിലുടനീളം നീതിയാത്ര ആസൂത്രണം ചെയ്തത്. ഈ സന്ദേശം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്നതിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണ് ഉചിതമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ധർമ്മടത്ത് മത്സരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. തൃശൂരിൽ വെച്ച് നീതിയാത്ര അവസാനിപ്പിച്ച ശേഷം ധർമടത്ത് മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു. ജയവും തോൽവിയുമല്ല സമരസമിതിയുടെ ലക്ഷ്യ പൂർത്തീകരണമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ നടപ്പിലാക്കുന്നതെന്നും നീലകണ്‌ഠൻ കൂട്ടിച്ചേർത്തു.