എറണാകുളം: ഒളിമ്പ്യൻ മയൂഖാ ജോണിയുടെ സുഹൃത്ത് പീഡനത്തിന് ഇരയായെന്ന പരാതിയിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഈ കാര്യം വ്യക്തമാക്കിയത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
അഞ്ച് വർഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവ് വച്ചാണ് കേസ് അന്വേഷിക്കുന്നത്. ആ സമയത്തെ ടവർ ലൊക്കേഷൻ, ഫോൺ രേഖകൾ എന്നിവ ഇപ്പോൾ ലഭ്യമല്ല. ഈയൊരു സാഹചര്യത്തിൽ പരാതി ശാസ്ത്രീയമായി തെളിയിക്കാൻ പരിമിതിയുണ്ട്. അതിനാൽ തന്നെ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോപണങ്ങള്‍ എല്ലാം ശരിയല്ലെന്ന് പൊലീസ്
പെൺകുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ പ്രതി എത്തിയെന്ന ആരോപണം ശരിയല്ലന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നാണ് പരാതി. 2016-ൽ നടന്ന സംഭവത്തിൽ ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നില്ല. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ഉൾപ്പടെ ശ്രമിക്കുന്നതായി ആരോപിച്ച് ഒളിമ്പ്യൻ മയൂഖാ ജോണി രംഗത്ത് എത്തിയിരുന്നു.
ഇരയായ പെൺകുട്ടിയും അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
also read: 'ബലാത്സംഗ കേസ് പ്രതികള്‍ക്കായി ജോസഫൈന്‍ ഇടപെട്ടു' ; വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി