തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം കോടതി ഒഴിവാക്കി. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന കേസ് മാത്രമാണ് നിലനിർത്തിയത്. പ്രതികളുടെ വിടുതൽ ഹർജിയിൽ വാദം പറഞ്ഞ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
രണ്ടാം പ്രതിയായ വഫ ഫിറോസിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്‍റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്‌തു. ജൂലായ് 20-ന് പ്രതികള്‍ വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു.
ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 279 (പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കുക), 304 (കുറ്റകരമായ നരഹത്യ), പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. ഇപ്പോൾ കോടതി 304 എ ഒഴിവാക്കിയതിനാൽ അശ്രദ്ധമായി വാഹനമോടിക്കുക എന്ന കുറ്റം മാത്രമേ ശ്രീറാം വെങ്കിട്ടരാമനെതിരെ നിലനിൽക്കുകയുള്ളു. പരമാവധി 2 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
തെളിവ് നശിപ്പിച്ചു: അതേസമയം അപകടം സംഭവിച്ചത് മുതൽ കേസിലെ തെളിവുകൾ നശിപ്പിക്കുവാൻ ശ്രീറാം ശ്രമിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കിം കോടതിയിൽ വാദിച്ചു. പ്രതി മദ്യപിച്ചിരുന്നുവെന്നും എന്നാൽ രക്ത സാമ്പിൾ എടുക്കുവാൻ പൊലീസിന് സമ്മതം നൽകുന്നത് സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമായിരുന്നുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഇതെല്ലാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു എന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അതേസമയം നടന്നത് ഒരു അപകട മരണം മാത്രമാണെന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നു. ശരീരത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലായെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പൊലീസ് തന്നെ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ശ്രീറാം അറിഞ്ഞുകൊണ്ട് അപകടം നടത്തി എന്ന് പ്രോസിക്യൂഷന് പറയുവാൻ കഴിയുമെന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ ചോദിച്ചു.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരണപ്പെടുന്നത്. തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു.
എന്നാൽ 2020 മാർച്ചിൽ അദ്ദേഹത്തെ തിരിച്ചെടുക്കുകയും ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു. പിന്നാലെ ഈ വർഷം ആദ്യം ആലപ്പുഴ ജില്ലാ കലക്‌ടറായി അദ്ദേഹത്തെ നിയമിച്ചു. എന്നാൽ ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ജനറൽ മാനേജരായി നിയമിക്കുകയായിരുന്നു.