തിരുവനന്തപുരം : കേരള സര്‍വകലാശാല മുന്‍ വിസി ഡോ. ജെ വി വിളനിലം അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്നു. ജേണലിസത്തില്‍, ഇംഗ്ലീഷിലും മലയാളത്തിലും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള വിളനിലം 1935 ല്‍ ചെങ്ങന്നൂരിലാണ് ജനിച്ചത്.
പിതാവ് ചാണ്ടി വര്‍ഗീസും, ഏലിയാമ്മ വര്‍ഗീസും സ്‌കൂൾ അധ്യാപകരായിരുന്നു.ചെറുപ്പകാലം മുതല്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പ്രവീണ്യമുണ്ടായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ എംഎ ബിരുദം നേടിയ അദ്ദേഹം മാര്‍ത്തോമാ കോളജ് തിരുവല്ല, സെന്‍റ് ജോസഫ് കോളജ് ദേവഗിരി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
കുറച്ചുനാള്‍ മദ്രാസിലെ എംആര്‍എഫ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡീലിറ്റ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ഡീലിറ്റ് ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധത്തിന് 1975-ലെ ജെയിംസ്‌മാര്‍ഖം പുരസ്‌കാരം ലഭിച്ചു.
കേരള യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം വകുപ്പ് ആരംഭിച്ചപ്പോള്‍ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം 1992 ല്‍ വിസിയായി. ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ വിഭാഗം അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥികളാണ്. സംസ്‌കാരം പിന്നീട് നടക്കും.