കണ്ണൂര്‍: കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ പാറക്കടവിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വലിയ അരീക്കമല തെള്ളിക്കവല സ്വദേശി കാട്ടുനിലത്തിൽ കുര്യാക്കോസാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വലിയ അരീക്കാമല സ്വദേശി പിണക്കാട്ട് വീട്ടിൽ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് കുടിയാന്മല പാറക്കടവിലെ പുഴക്കരയിൽ കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിയാരം കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്‌റ്റ് മോർട്ടത്തിലാണ് കഴുത്ത് ഞെരിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്നകുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ പുഴക്കരയിലൂടെ കുര്യാക്കോസ് നടന്ന് പോകുന്നത് കണ്ടവരുണ്ടായിരുന്നു. പിന്നീട് ഇയാളെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഴഞ്ഞ് വീണ് മരിച്ചുവെന്ന നിഗമനത്തിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടാണ് സംഭവത്തിൽ വഴിത്തിരിവായത്. കുര്യാക്കോസും ബിനോയിയും തമ്മിൽ ബന്ധമുള്ളവരായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. അങ്ങനെയുള്ള ബിനോയി കുര്യാക്കോസിന്‍റെ സംസ്കാര ചടങ്ങിൽ പോലും എത്താതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ വ്യാഴാഴ്ച മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.