വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷം ; കൊവിഡ് രോഗികള്‍ കടുത്ത പ്രതിസന്ധിയില്‍ - covid inflation news
ഡല്‍ഹിയെ കൂടാതെ നോയിഡയിലെയും മഹാരാഷ്‌ട്രയിലെയും ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് രൂക്ഷം.
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭ്യതക്കുറവിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികള്‍ കടുത്ത പ്രതിസന്ധിയില്‍. മഹാരാഷ്‌ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത ഓക്സിജന്‍ ദൗര്‍ലഭ്യം. ഇതോടെ വിവിധയിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. ഓക്‌സിജന്‍ കുറവ് കാരണം പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി.അതിനിടെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ കോടതിയെ സമീപിക്കുകയാണ് ആശുപത്രികള്‍.
ഡല്‍ഹിയിലെ പല ആശുപത്രികളിലും വേണ്ടത്ര ഓക്‌സിജന്‍ ഇല്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. നിലവില്‍ ലഭ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചാണ് ചികിത്സ ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ശാന്തി മുകുന്ദ് ഹോസ്‌പിറ്റലില്‍ രണ്ട് മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.
സമാന സ്ഥിതിയാണ് നോയിഡയിലും. കുറച്ച് മണിക്കൂറുകള്‍ കൂടി ഉപയോഗിക്കാനുള്ള ഓക്‌സിജനേ നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ശേഷിക്കുന്നുള്ളൂ. അതേസമയം ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം കാര്യക്ഷമമാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ് മഹാരാഷ്ട്ര. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന ഗതാഗതത്തിന് ഉള്‍പ്പെടെ തടസമുണ്ടാകരുതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.