മലപ്പുറം : എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് പിവി അൻവര്‍. തന്നെ ഒതുക്കിക്കളയാമെന്ന എല്‍ഡിഎഫ് നേതൃത്വത്തിൻ്റെ തീരുമാനമാണ് അറസ്റ്റ്. യുഡിഎഫില്‍ എത്തിക്കഴിഞ്ഞാല്‍ കേരളത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും അറിയാം. അതിനാലാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നത്. പിണറായിക്കും അജിത് കുമാറിനുമെതിരായ ചില ഡോക്ക്യുമെൻ്റുകള്‍ തൻ്റെ കയ്യിലുണ്ട്. സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഒരിക്കലും സിപിഎം അധികാരത്തില്‍ വരാതിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആർഎസ്‌എസ് നേതൃത്വം പിണറായിയെ ഏല്‍പ്പിച്ചിരിക്കുന്നത്. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഡല്‍ഹിയില്‍ അജിത് കുമാര്‍ നടത്തിയ ഇടപാടുകള്‍ എന്തൊക്കെയെന്ന് തനിക്കാറിയാമെന്നും പിവി അൻവര്‍ പറഞ്ഞു.
കേരളത്തിലെ പ്രബലരായ രാഷ്‌ട്രീയ നേതാക്കള്‍ തമ്മില്‍ വലിയ ബന്ധമുണ്ട്. അതിനാലാണ് ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് നീതി ലഭിക്കാത്തത്. പിണറായി-ആര്‍എസ്‌എസ്-ബിജെപി അച്ചുതണ്ടാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
അത് യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയത്തിലെ നിലപാടുകള്‍ ഇരുമ്പുലക്ക പോലെ നില്‍ക്കില്ല, അത് സാഹചര്യത്തിന് അനുസരിച്ച് മാറും. പൊതുസമൂഹം ഒന്നടങ്കം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ഞാൻ പണ്ട് അങ്ങനെ പറഞ്ഞല്ലോ എന്ന് കരുതി ഇരിക്കില്ല.
ഒറ്റക്കെട്ടായി ഇറങ്ങി പ്രവര്‍ത്തിക്കും. അതാണ് പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചെയ്യേണ്ടത്. തന്നെ ജയിലിലടച്ച സംഭവത്തില്‍ തന്നെ സഹായിച്ച യുഡിഎഫിന് നന്ദി പറയുന്നു. അതിനാൽ യുഡിഎഫിനൊപ്പം നില്‍ക്കും. എന്നെ യുഡിഎഫിലേക്ക് എടുക്കണോ എന്ന് യുഡിഎഫ് നേതാക്കള്‍ക്ക് തീരുമാനിക്കാെമന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം എകെ ശശീന്ദ്രൻ രാജിവച്ച് മാറിനില്‍ക്കണം. പാവപ്പെട്ട ജനങ്ങളെ കൊല്ലാൻ വിട്ടുകൊടുക്കുകയാണ് അദ്ദേഹം. രക്തം വാര്‍ന്ന് മരിക്കുകയാണ് ജനങ്ങള്‍. മന്ത്രി 2.5 ലക്ഷം രൂപ എണ്ണി ശമ്പളമായി വാങ്ങുന്നുണ്ട് എന്നിട്ട് ഒരു രൂപക്കുള്ള ഗുണം ജനങ്ങള്‍ക്കില്ല. ഒരു നടപടിയും എടുക്കുന്നില്ല. കേരളത്തിൻ്റെ വനം മന്ത്രി മാഫിയ സംഘത്തിൻ്റെ തലവനെപോലെ പ്രവര്‍ത്തിക്കുന്നു എന്നും അൻവര്‍ വിമര്‍ശിച്ചു.
യുഡിഎഫ് തിരിച്ച് അധികാരത്തിൽ വരാൻ ഈ ഒരു വിഷയം ഏറ്റെടുത്താൽ മാത്രം മതി. പണ്ട് പ്രതിപക്ഷത്തിനെതിരെ പറഞ്ഞതൊക്കെ തിരുത്താൻ തയാറായാല്‍ യുഡിഎഫിലേക്കുള്ള പ്രവേശനം സാധ്യമാകുമെന്ന വിടി ബല്‍റാമിൻ്റെ പോസ്റ്റിലും അദ്ദേഹം പ്രതികരിച്ചു.
ഭരണ പക്ഷത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷത്തിൻ്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. അത്രയേ സംഭവിച്ചിട്ടുള്ളൂ. അതിനാലാണ് വിടി അങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടുള്ളതെന്നും പിവി അൻവർ പറഞ്ഞു.