പോര്‍ബന്തര്‍: മതപുരോഹിതന്‍ കുറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് മുസ്‌ലിം യുവാക്കള്‍. മതകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മതപുരോഹിതന്‍ കുറ്റപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോര്‍ബന്തറിലെ മൂന്ന് യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്‌റ്റാഗ്രാമിലൂടെ അറിയിച്ചതിന് ശേഷമായിരുന്നു യുവാക്കളുടെ കടുംകൈ.
സംഭവം ഇങ്ങനെ: മുസ്‌ലിങ്ങള്‍ ദേശീയ ഗാനം ആലപിക്കരുതെന്നും ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യരുതെന്നും ദിവസങ്ങൾക്ക് മുമ്പ് നാഗിന മസ്ജിദിലെ പുരോഹിതൻ പറഞ്ഞതായി യുവാക്കൾ ആരോപിച്ചിരുന്നു. പ്രസ്‌താവനയ്‌ക്കെതിരെ യുവാക്കൾ പ്രതിഷേധിച്ചതോടെ പുരോഹിതനും അനുയായികളും പ്രകോപിതരാവുകയും ഇസ്‌ലാം മതത്തിൽ നിന്ന് തങ്ങളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് ഷക്കീൽ യൂനുസ് ഖാദ്‌രി (25), ഹരുൺ സിപാഹി (31), സോഹിൽ പർമർ (26) എന്നിവര്‍ ജീവനൊടുക്കാൻ ഫിനൈൽ കുടിച്ചത്. എന്നാല്‍ ഇവര്‍ ഇൻസ്‌റ്റാഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ സംഭവസ്ഥലത്തെത്തി മൂന്നുപേരെയും പോർബന്തറിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കേസെടുത്ത് പൊലീസ്: സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോർബന്തർ ഡിവൈഎസ്പി നീലം ഗോസ്വാമി പറഞ്ഞു. എന്നാൽ കേസിൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ദാറുൽ ഉലം ഗൗഷെ അസം ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ ഷാബിർ സത്താർ ഹംദാനിയും ആവശ്യപ്പെട്ടു.
പാർട്ടിയിലെ മുതിർന്ന നേതാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അസമിൽ ബിജെപിയുടെ വനിത നേതാവിനെ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു. അസം ബിജെപിയുടെ പ്രമുഖ വനിത നേതാവായ ഇന്ദ്രാണി തഹബിൽദാറിനെയാണ് (48) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിസാൻ മോർച്ചയുടെ ട്രഷറർ സ്ഥാനം വഹിച്ച് വരികയായിരുന്ന ഇന്ദ്രാണി, ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു.
ബിജെപി കിസാൻ മോർച്ചയിലെ തന്നെ മുതിർന്ന നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ദ്രാണി ആത്മഹത്യ ചെയ്‌തതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (11.08.2023) വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ദ്രാണിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും കണ്ടെടുത്തത്. എന്നാല്‍ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായുള്ള സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്‌തമാക്കിയിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056