കുളു: ഹിമാചല്‍പ്രദേശിലെ കുളുമണാലിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയ മലയാളി മരിച്ചു. മൂന്ന് സുഹൃത്തക്കള്‍ക്കൊപ്പം മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശി അശ്വിൻ (24) ആണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിനു പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിന്‍റെ മൃതദേഹം പരിശോധിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
സംഭവം ഇങ്ങനെ...
പൊലീസ് പറയുന്നത് അനുസരിച്ച്, ഫെബ്രുവരി 15 ന് കേരളത്തിൽ നിന്നുള്ള നാല് യുവാക്കൾ കുളുമണാലിയിലെ മണികരൺ എന്ന പ്രദേശം സന്ദർശിക്കാൻ എത്തിയിരുന്നു. ശേഷം, കസോളിലെ കറ്റഗ്ല ഗ്രാമത്തിലെ ഒരു ഹോം സ്റ്റേയിൽ നാല് പേരും താമസിച്ചു. നാല് യുവാക്കളും രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നുവെന്നും, എന്നാൽ പിറ്റേന്ന് അശ്വിൻ എന്ന ചെറുപ്പക്കാരൻ ഉണർന്നില്ലെന്നും കുളു എസ്‌പി ഡോ. കാർത്തികേയൻ ഗോകുൽചന്ദ്രൻ പറഞ്ഞു.
അശ്വിൻ കട്ടിലിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടനടി സുഹൃത്തുക്കള്‍ ചേര്‍ന്ന് അശ്വിനെ ചികിത്സയ്ക്കായി ജാരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം അശ്വിൻ മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചെന്നും പൊലീസ് വ്യക്തമാക്കി.
അശ്വിൻ മരിച്ചത് ഹൃദയാഘാതം മൂലം
അതേസമയം, ഹൃദയാഘാതം മൂലമാണ് അശ്വിൻ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അശ്വിന്‍റെ മൂന്ന് സുഹൃത്തുക്കളെയും കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുത്തു. തണുത്ത് വിറച്ചു നില്‍ക്കുന്ന മണാലിയിലേക്ക് സുഹൃത്തുക്കള്‍ ഒരുമിച്ച് അടിച്ചുപൊളിക്കാൻ പോയപ്പാഴാണ് ദാരുണ സംഭവം ഉണ്ടായത്. ഉറ്റസുഹൃത്തിന്‍റെ വിയോഗം താങ്ങാനാകാതെ മറ്റ് സുഹൃത്തുക്കള്‍ വിങ്ങിപ്പൊട്ടി.
Also Read: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മൂന്ന് വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം