ആലപ്പുഴ: 7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പിൽ തായ്‌വാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ സൈബർ ക്രൈം കുറ്റകൃത്യങ്ങൾ നടത്തുന്ന തായ്വാനിലെ പിങ്ചെൻ സ്വദേശികളായ വാങ് ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരാണ് പിടിയിലായത്. കേസിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ അമിതലാഭം വാഗ്‌ദാനം ചെയ്‌ത് ഡോക്‌ടർ ദമ്പതികളിൽ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. ചേർത്തല സ്വദേശികളായ വിനയകുമാറും ഐഷയുമാണ് തട്ടിപ്പിനിരയായത്. 7.65 കോടി രൂപയാണ് ഇവരിൽ നിന്നും പ്രതികള്‍ ഓൺലൈനായി തട്ടിയെടുത്തത്.
കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ ആ മാസം തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്‌ദുൾ സമദ് എന്നിവരെ ആദ്യം അറസ്റ്റു ചെയ്‌തു. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും പിന്നാലെ നിർമൽ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും വ്യക്തമായിരുന്നു.
എന്നാല്‍ സാങ്കേതികവും നിയമപരവുമായ ചില കാരണങ്ങളാൽ കേരള പൊലീസിന് പ്രതികളിലേക്ക് നേരിട്ട് എത്താനായിരുന്നില്ല. ഇതിനിടെയാണ് ചൈനീസ് പൗരൻമാരായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ഗുജറാത്ത് അഹമ്മദാബാദ് പൊലീസ് മറ്റൊരു കേസിൽ അറസ്റ്റു ചെയ്യുന്നത്. പിന്നീട് അന്വേഷണം ഇവരിലേക്ക് നീങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന അന്താരാഷ്ട്ര കുറ്റവാളികളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കുറുത്തികാട് എസ്ഐ മോഹിത്തിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിൽ ആണ് സബർമതി സെൻട്രൽ ജയിലിൽ നിന്നും പ്രതികളെ ട്രെയിൻ മാർഗം ആലപ്പുഴയിൽ എത്തിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതിയെ നേരത്തെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.