ETV Bharat / bharat

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ഭക്തരുടെ താത്‌പര്യം കണക്കിലെടുത്ത്; ഗുരുവായൂർ ഫണ്ട് വിഷയത്തിൽ നോട്ടിസയച്ച് സുപ്രീം കോടതി - ഗുരുവായൂർ ക്ഷേത്രം സുപ്രീം കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ അവകാശം ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ ഗുരുവായൂരപ്പന് മാത്രമാണെന്നും ക്ഷേത്ര മാനേജ്‌മെന്‍റിന് ഫണ്ട് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഇടപെടൽ.

Guruvayur temple panel on issue of temple funds  Guruvayur temple fund issue  Supreme Court send notice  high court order on Guruvayur temple fund issue  Guruvayur devaswom board  ഗുരുവായൂർ ഫണ്ട്  ഗുരുവായൂർ ക്ഷേത്രം  ഗുരുവായൂർ ദേവസ്വം ബോർഡ്  ഗുരുവായൂർ ക്ഷേത്രം സുപ്രീം കോടതി  കേരള ഹൈക്കോടതി ഗുരുവായൂർ ഫണ്ട്
ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ഭക്തരുടെ താത്‌പര്യം കണക്കിലെടുത്ത്; ഗുരുവായൂർ ഫണ്ട് വിഷയത്തിൽ നോട്ടിസയച്ച് സുപ്രീം കോടതി
author img

By

Published : Sep 19, 2022, 9:48 PM IST

ന്യൂഡൽഹി: 2020ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിൽ കേരള സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളിൽ നിന്നും പ്രതികരണം തേടി സുപ്രീം കോടതി. നോട്ടിസിൽ ഒക്‌ടോബർ 10നകം മറുപടി ഫയൽ ചെയ്യണമെന്ന് എതിർ കക്ഷികളോട് സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ അവകാശം ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ ഗുരുവായൂരപ്പന് മാത്രമാണെന്നും ക്ഷേത്ര മാനേജ്‌മെന്‍റിന് ഫണ്ട് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രളയബാധിതർക്കായി ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും കൊവിഡ് സമയത്ത് അഞ്ച് കോടി രൂപയും നൽകിയ സാഹചര്യത്തിലായിരുന്നു ഗുരുവായൂർ ദേവസ്വം ബോർഡിനെതിരായ ഹൈക്കോടതി ഉത്തരവ്. 1978ലെ ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്‌ക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെടെ 28 പേർക്ക് നോട്ടിസ് അയച്ചത്. മുതിർന്ന അഭിഭാഷകനായ സി.എ സുന്ദരമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായത്.

നിയമങ്ങളുമായി ബന്ധപ്പെട്ടതും ക്ഷേത്രത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ടതുമായി ഈ വിഷയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് സി.എ സുന്ദരം വാദിച്ചു. ഇതൊരു ശ്രീകൃഷ്‌ണ ക്ഷേത്രമാണ്. പ്രളയ ദുരിതാശ്വാസത്തിനും കൊവിഡ് ബാധിതർക്കും വേണ്ടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. ഗുരുവായൂരപ്പന്‍റെ ഭക്തരുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. ധർമത്തിനായി പ്രവർത്തിച്ച ദൈവമാണ് ശ്രീകൃഷ്‌ണൻ. അതിനാൽ കൃഷ്‌ണന്‍റെ പേരിൽ ഉള്ള ക്ഷേത്രത്തിന് പൊതു ജനങ്ങൾക്കായി പണം ചെലവഴിക്കാവുന്നത് ആണെന്നും ദേവസ്വം ബോർഡ് വാദിച്ചു.

ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേത്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ചെലവുകള്‍ക്കുമായി വിനിയോഗിക്കാം എന്നതില്‍ തര്‍ക്കമില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു ജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോര്‍ഡ് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോ എന്നും കോടതി വാക്കാല്‍ ആരാഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന പണം ചെലവഴിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ദേവസ്വം ബോർഡിന് അധികാരമില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.

വിഷയത്തിൽ തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്‍റ് കെഎസ്‌ആർ മേനോൻ സുപ്രീം കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്‌തു. ഫണ്ട് വകമാറ്റാനുള്ള ദേവസ്വം ബോർഡിന്‍റെ തീരുമാനത്തിനെതിരെ ആദ്യം ഹൈക്കോടതിയെ സമീപിച്ച കക്ഷികളിൽ താനും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർ മേനോൻ കാവിയറ്റ് ഫയൽ ചെയ്‌തത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.