ന്യൂഡല്‍ഹി: പുതുവര്‍ഷപ്പുലരിയില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 1.19 ന് റിക്‌ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ജജ്ജാറിന്‍റെ വടക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ താഴെയാണ് ഭൂചലനം ഉണ്ടായത്. നേരത്തെ നവംബർ 12നും ഡൽഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എൻസിഎസില്‍ നിന്നുള്ള വിവരമനുസരിച്ച് നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനമാണ് അന്ന് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്.
ഭൂമിക്കടിയില്‍ 10 കിലോമീറ്റർ താഴെയുണ്ടായ ഭൂചനലം റിക്‌ടർ സ്കെയിലിൽ 5.4 ആണ് രേഖപ്പെടുത്തിയിരുന്നത്. രാജ്യത്തെ ഭൂകമ്പവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സർക്കാരിന്‍റെ നോഡൽ ഏജൻസിയാണ് എൻസിഎസ്.