മലപ്പുറം: പശ്ചിമ ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും നിയമസഭയിൽ പൂജ്യം സീറ്റിലെത്തിച്ചതാണ് മമത ബാനർജിയുടെ രാഷ്‌ട്രീയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ എംപി. മഞ്ചേരിയിൽ നടന്ന തൃണമൂൽ കോൺഗ്രസിൻ്റെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബിൽ ഒരു മതപരമായ പ്രശ്‌നം അല്ല. അതൊരു ഭരണഘടനാപരമായ വിഷയമാണ്. യൂണിഫോം സിവിൽ കോഡെല്ലാം ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്.
വന്യമൃഗ ശല്യം പാർലമെൻ്റിൽ അവതരിപ്പിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ താഴേതട്ടിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നതായിരിക്കും. ശക്തമായ അടിത്തറയുണ്ടെങ്കിലേ വളരാൻ സാധിക്കൂ. എകീകൃത സിവിൽ കോഡും, സിഎഎ എന്നിവ ഭരണഘടനാപരമായ വിഷയമാണ്. കോൺഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ 90 % ബിജെപി ജയിക്കുന്നു, 10 % കോൺഗ്രസ് ജയിക്കുന്നു. എന്നാൽ ടിഎംസിയും ബിജെപിയും നേരിട്ട് മത്സരിക്കുമ്പോൾ 70 % ടിഎംസി ജയിക്കുകയും ബിജെപി ജയിക്കുന്നത് 30% മാത്രമായി മാറുന്നുവെന്നും ഡെറിക് ഒബ്രിയാൻ എംപി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടിഎംസിയുടെ എതിരാളി ബിജെപിയാണോ സിപിഎമ്മാണോ എന്ന ചോദ്യത്തിന്, നിങ്ങൾ നിങ്ങളുടെ എതിരാളികളെ ബഹുമാനിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് നമ്മുടെ എതിരാളികളെ ഒരിക്കലും വിലകുറച്ച് കാണരുത്. സിപിഎമ്മിന് പൂജ്യം സീറ്റ് ബംഗാളിൽ ലഭിച്ചാലും പൂജ്യം എംഎൽഎമാർ, പൂജ്യം എംപിമാർ ബംഗാളിൽ കിട്ടിയാലും നമ്മൾ അവരെ ബഹുമാനിക്കുകയാണ് ചെയ്യേണ്ടത്. കളിയാക്കേണ്ട കാര്യമില്ല. ബിജെപിയാണോ തങ്ങളുടെ എതിരാളിയെന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ അതിന് ഉത്തരമെന്നത് എന്താണെന്ന് തങ്ങളുടെ എംപിമാർ, നേതാക്കൾ നേരത്തെ പറഞ്ഞത് നോക്കിയാൽ മതി. നിങ്ങൾക്ക് ഉത്തരം ലഭിക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് ഇത് അവരെക്കുറിച്ച് പറയാനുള്ള സമയമല്ലെന്നും ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനമാണ് ഇവിടെ നടക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി.
വനം വന്യജീവി പ്രശ്‌നങ്ങളിൽ കേരള സർക്കാർ വേണ്ടപോലെ ഇടപെടുന്നില്ലെന്ന് വനം വന്യജീവി സെമിനാറിൽ പങ്കെടുത്ത് കൊണ്ട് മഹുവ മൊയ്ത്രാ എംപി പറഞ്ഞു. ഈ വിഷയങ്ങൾ പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി. മുസ്ലിം ലീഗ് എംഎൽഎമാരായ എൻ ഷംസുദ്ദീൻ, യു എ ലത്തീഫ് തുടങ്ങിയവരും വിവിധ സെഷനുകളിൽ പങ്കെടുത്തു. പി വി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ മെട്രോ വില്ലേജിലാണ് പരിപാടി നടന്നത്.