പന്നിയാർ പുഴ കടക്കാൻ തകർന്ന പാലത്തിലൂടെ സാഹസിക യാത്ര; പ്രദേശവാസികളും വിദ്യാർഥികളും ദുരിതത്തിൽ
Published : Jan 20, 2024, 1:49 PM IST
ഇടുക്കി: പന്നിയാർ പുഴ (Panniyar River) കടക്കാൻ ജീവൻ പണയം വച്ചുള്ള സാഹസിക യാത്ര നടത്തി ഇടുക്കി രാജകുമാരിയിലെ (Idukki Rajakumari) വിദ്യാർഥികളും പ്രദേശവാസികളും. ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിലൂടെയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുളപ്പാറച്ചാൽ തേവർക്കാട്ടുപടി ഭാഗത്തുള്ളവരാണ് ഈ ദുരവസ്ഥ നേരിടുന്നത്. രാജകുമാരി- സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പന്നിയാർ പുഴയുടെ കുറുകെ തേവർക്കാട്ട്-വിളയക്കാട്ട് ഭാഗത്തുണ്ടായിരുന്ന നടപ്പാലം ഉരുൾപൊട്ടലിൽ തകർന്നതാണ് പ്രദേശവാസികളുടെ ദുരിതത്തിന് കാരണം. കുളപ്പാറച്ചാൽ തേവർക്കാട്ടുപടി ഭാഗത്തുള്ള നിരവധി വിദ്യാർഥികൾ ഈ പാലം കടന്നായിരുന്നു സേനാപതി സ്‌കൂളിലേക്ക് എത്തിയിരുന്നത്. നവംബർ അഞ്ചാം തീയതി പേത്തൊട്ടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പ്രളയ സമാനമായ മലവെള്ളം ഒഴുകിയെത്തിയതോടെയാണ് പാലം തകർന്നത്. പാലത്തിന്‍റെ മൂന്ന് തൂണുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പന്നിയാർ പുഴയിൽ വീണ് കിടക്കുന്ന പാലത്തിന്‍റെ അവശിഷ്‌ടങ്ങളിലൂടെയാണ് ഇപ്പോൾ പ്രദേശവാസികളുടെ സഞ്ചാരം. പുഴയിൽ വെള്ളം ഉയർന്നാൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്ന് പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.