മുംബൈ: മഹാരാഷ്‌ട്രയില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ സര്‍വേകള്‍. പി മാര്‍ക്, മാട്രിസ്, ചാണക്യ സ്‌ട്രാറ്റജീസ്, പീപ്പിള്‍ പള്‍സ്, പോള്‍ ഡയറി തുടങ്ങിയ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ പ്രവചനം സംസ്ഥാനത്ത് മഹായുതി തുടര്‍ഭരണത്തിലേക്കെന്നാണ്.
സംസ്ഥാനത്ത് കടുത്ത മത്സരമാണ് ചില ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്. 288 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ കേവല ഭൂരിപക്ഷം 145 ആണ്. മഹായുതി 135 മുതല്‍ 157 സീറ്റുകള്‍ നേടുമെന്നാണ് പി മാര്‍കിന്‍റെ പ്രവചനം. മഹാവികാസ് അഘാടിയ്‌ക്ക് 126 മുതല്‍ 146 സീറ്റുകളും മറ്റുള്ളവര്‍ക്ക് 2 മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
150 മുതൽ 170 വരെ സീറ്റുകൾ മഹായുതി നേടുമെന്നാണ് മാട്രിസ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി 110 മുതല്‍ 130 വരെ സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
ചാണക്യ സ്‌ട്രാറ്റജീസ് 152 മുതല്‍ 160 സീറ്റുകള്‍ വരെ സീറ്റുകളിലാണ് മഹായുതിയ്‌ക്ക് സാധ്യത കല്‍പിക്കുന്നത്. 130 മുതല്‍ 138 സീറ്റുകള്‍ മഹാവികാസ് അഘാടി നേടുമെന്നും ഏജന്‍സി പറയുന്നു.
പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യം 175-195 സീറ്റുകൾ നേടും. കോൺഗ്രസ് നേതൃത്വം നൽകുന്ന എംവിഎ 85-112 സീറ്റുകൾ നേടും. മറ്റ് പാർട്ടികളും സ്വതന്ത്രരും 7-12 സീറ്റുകൾ നേടും.
മഹായുതിയ്‌ക്ക് 122 മുതല്‍ 186 വരെ സീറ്റാണ് പോള്‍ ഡയറി പ്രവചിക്കുന്നത്. എംവിഎ 69 മുതല്‍ 121 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 12 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നും ഏജന്‍സി പ്രവചിക്കുന്നു.
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. സംസ്ഥാനത്തെ 81 സീറ്റുകളില്‍ 42 മുതല്‍ 47 സീറ്റുകള്‍ വരെ എന്‍ഡിഎ സഖ്യം നേടുമെന്നാണ് മാട്രിസ് പ്രവചനം. സംസ്ഥാനത്ത് ഭരണത്തിലുള്ള ജെഎംഎം-കോൺഗ്രസ് സഖ്യം 25 മുതല്‍ക്ക് 30 വരെ സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ നാല് സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം. 45 മുതല്‍ 50 സീറ്റ് വരെയാണ് ചാണക്യ സ്‌ട്രാറ്റജീസ് എന്‍ഡിഎയ്‌ക്ക് പ്രവചിച്ചിരിക്കുന്നത്. ടൈംസ് നൗ-ജെവിസി സര്‍വേ 40 മുതല്‍ 44 വരെ സീറ്റുകള്‍ എന്‍ഡിഎയ്‌ക്കും 30 മുതല്‍ 40 വരെ സീറ്റുകള്‍ ഇന്ത്യ സഖ്യത്തിനും ലഭിക്കുമെന്നാണ് പറയുന്നത്.
പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലവും ജാർഖണ്ഡിൽ എൻഡിഎയ്‌ക്കാണ് സാധ്യത നല്‍കുന്നത്. 47 വരെ സീറ്റുകളാണ് എൻഡിഎക്ക് ലഭിക്കുക. ഇന്ത്യ മുന്നണിക്ക് 31 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനം. എന്നാല്‍ ജാർഖണ്ഡില്‍ ഇന്ത്യ സഖ്യം തൂത്തു വാരുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 53 സീറ്റുകൾ വരെയാണ് ഏജന്‍സി പറയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. എന്‍സിപിയുടേയും ശിവസേനയുടേയും പിളര്‍പ്പിന് ശേഷം മാറിയ രാഷ്‌ട്രീയ സമവാക്യങ്ങളുടെ വിധിയെഴുത്താണ് ഇത്തവണത്തേത്.
കഴിഞ്ഞ തവണ ഏറെ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് വേദിയായ ഇവിടെ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാടി സഖ്യവും തമ്മിലാണ് പോര് നടക്കുന്നത്. മഹായുതി സഖ്യത്തിൽ ബിജെപി 149 സീറ്റുകളിലും ശിവസേന 81 സീറ്റുകളിലും അജിത് പവാറിൻ്റെ എൻസിപി 59 സീറ്റുകളിലും മത്സരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മഹാവികാസ് അഘാടി സഖ്യത്തില്‍ കോൺഗ്രസില്‍ നിന്നും 101, ശിവസേനയില്‍ (യുബിടി) നിന്നു 95, ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ നിന്ന് 86 പേരുമാണ് മത്സര രംഗത്തുള്ളത്. ബിഎസ്‌പിയും എഐഎംഐഎമ്മും ഉൾപ്പെടെയുള്ള ചെറുകക്ഷികളും മത്സരരംഗത്തുണ്ട്. ബിഎസ്‌പി 237 സീറ്റുകളിലും എഐഎംഐഎം 17 സീറ്റുകളിലും മത്സരിക്കുന്നു.
സംസ്ഥാനത്ത് കൊണ്ടുപിടിച്ച പ്രചാരണമാണ് മുന്നണികള്‍ നടത്തിയത്. നരേന്ദ്ര മോദി, അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര തുടങ്ങിയ പ്രമുഖ നേതാക്കൾ സംസ്ഥാനത്തുടനീളം റാലി നടത്തിയിരുന്നു. മാജ്ഹി ലഡ്‌കി ബഹിൻ പോലുള്ള ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചരായിരുന്നു മഹായുതി സഖ്യത്തിന്‍റെ പ്രചാരണം.
ALSO READ: ബിറ്റ്‌കോയിൻ കുംഭകോണം; വോട്ടെടുപ്പിന് തൊട്ട് മുമ്പ് സുപ്രിയ സുലേക്കെതിരെ ആരോപണവുമായി ബിജെപി
ബിജെപിയ്‌ക്കെതിരെ കടുത്ത പ്രചാരണമായിരുന്നു മഹാവികാസ് അഘാടി നടത്തിയത്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, സാമൂഹിക നീതി, ഭരണഘടനാ സംരക്ഷണം തുടങ്ങിയവയായിരുന്നു അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.
ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് ഭരണത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ചയെ കീഴടക്കി തിരികെ എത്താനാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്.