ഇടുക്കി മൈലാടുംപാറ - തിങ്കൾക്കാട് റോഡ്, വാട്ടർ അതോറിറ്റി കുത്തിപ്പൊളിക്കുന്നതായി ആരോപണം - വാട്ടർ അതോറിറ്റി റോഡ് പൊളിക്കുന്നു
Published : Mar 7, 2024, 4:25 PM IST
ഇടുക്കി : ഒരു കോടിയിലധികം രൂപ ചെലവിൽ ബിഎംബിസി നിലവാരത്തിൽ നിർമ്മിച്ച മൈലാടുംപാറ - തിങ്കൾക്കാട് റോഡ് വാട്ടർ അതോറിറ്റി കുത്തിപൊളിക്കുന്നതായി ആരോപണം. ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ടാണ് റോഡ് പൊളിച്ച് നീക്കിയത്. റോഡിന്‍റെ വശങ്ങളിലുള്ള കോൺക്രീറ്റ് ഭാഗം പൂർണമായും ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. റോഡിന്‍റെ വശങ്ങൾ പൂർണമായും കുത്തിപൊളിച്ചു. മുമ്പ് റോഡ് പൂർണമായും തകർന്ന സമയത്ത് ദിനംപ്രതി നിരവധി അപകടങ്ങൾ നടന്ന മേഖലയാണ് ഇത്. ദേശീയപാത നിലവാരത്തില്‍ നിർമിച്ചിരിക്കുന്ന റോഡാണിത്. വശങ്ങളിൽ കോൺക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തിയിരുന്ന ഭാഗം കിലോമീറ്റർ നീളത്തിലാണ് വാട്ടർ അതോറിറ്റി യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരിക്കുന്നത്. തുടർന്ന് ഹോസുകൾ മണ്ണിനടിയിൽ കുഴിച്ചിട്ടു. പിന്നീട് ആരും കാണാത്ത രീതിയിൽ മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിലാണ് ജനദ്രോഹപരമായ ഇത്തരം നടപടികളും നടക്കുന്നത്. എന്നാൽ പൊളിച്ച് നീക്കിയ ഭാഗം കോൺക്രീറ്റ് ചെയ്‌ത് നൽകുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. റോഡ് പഴയപടി ആക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ കെ സജികുമാറും പറഞ്ഞു.