കേരളത്തിൽ ബിജെപി പത്തിലധികം സീറ്റുകളിൽ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത് - ബിജെപി
Published : Feb 21, 2024, 4:27 PM IST
ഇടുക്കി: കേരളത്തിൽ ബിജെപി പത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്‍റി ജനങ്ങൾ അംഗീകരിച്ചു. ആ മോദി ഗ്യാരണ്ടി ഇത്തവണ കേരളത്തിൽ പ്രതിഫലിക്കും. കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലേക്കും ബിജെപിയുടെ വികസിത് ഭാരത് യാത്ര എത്തുമെന്നും പ്രമോദ് സാവന്ത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞതോടെ തെക്കേ ഇന്ത്യയിലെ സാഹചര്യങ്ങൾ നരേന്ദ്രമോദിക്കും, ബിജെപിക്കും അനുകൂലമായി. തെക്കേ ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ അനുകൂല സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസിത സങ്കല്‍പ യാത്ര ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. മോദി സർക്കാരിന്‍റെ വിവിധങ്ങളായ ജനോപകര പദ്ധതികളെക്കുറിച്ച് ജനം മനസ്സിലാക്കികഴിഞ്ഞു. അതിനാൽ ഇത്തവണ കേരളത്തിൽ പത്തിലേറേ സീറ്റ് ബിജെപി നേടുമെന്നും ഇടുക്കിയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം പ്രമോദ് സാവന്ത് പറഞ്ഞു. ബിജെപി ഇടുക്കി ലോക്സഭ കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ നാല് ജില്ലകളുടെ ചുമതലയാണ് ബിജെപി പ്രമോദ് സാവന്തിന് നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.