മഞ്ചേരിയിൽ വയോധികനും കുടുംബത്തിനും നേരെ ക്രൂര മർദ്ദനമെന്ന് പരാതി - police case
Published : Jan 26, 2024, 5:45 PM IST
മലപ്പുറം : മഞ്ചേരിയിൽ വയോധികനും കുടുംബത്തിനും നേരെ ക്രൂര മർദ്ദനമെന്ന് പരാതി. 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിന് തുടർന്ന് ബന്ധു യൂസഫ് ആണ് ഉണ്ണി മുഹമ്മദിനെ മർദ്ദിച്ചതെന്നാണ് പരാതി. അക്രമി കണ്ണില്‍ മുളകുപൊടി വിതറുകയും ഇരുമ്പ് ദണ്ടു കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഉണ്ണി മുഹമ്മദ് ആരോപിച്ചു. ആക്രമണം തടയാൻ ശ്രമിച്ച ഓട്ടിസം ബാധിതനായ മകനും ഭാര്യക്കും പരിക്കേറ്റതായും പരാതിയുണ്ട്. യൂസഫ് വഴിവെട്ടാനായി ജെസിബിയുമായി എത്തിയപ്പോൾ സ്ഥലം ഉടമസ്ഥനായ ഉണ്ണി മുഹമ്മദ് തടയുകയുകയായിരുന്നു. കേസിൽപ്പെട്ട സ്ഥലമാണെന്നും ഇപ്പോൾ വഴിവെട്ടാൻ സാധ്യമല്ലെന്നും ഉണ്ണി പറഞ്ഞു. തുടർന്ന് ഉണ്ണിയുടെ ബന്ധുവായ യൂസഫും മകന്‍ റാഷിയും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി നൽകി. എന്നാല്‍ പൊലീസ് ഇതുവരെയും നടപടി ഒന്നും എടുത്തില്ലെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും, സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും, പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.