കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ്. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷന് എന്നാണ് സൂചനകൾ.
ജോനാമൻസാനോ എന്ന ഉപയോക്താവിന്‍റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, യൂട്യൂബ് പ്രീമിയം ലൈറ്റിന്‍റെ വില പ്രതിമാസം 8.99 ഡോളറും, യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ്റെ വില 16.99 ഡോളറുമാണ്. പുതിയ പ്ലാനിന്‍റെ വില പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനേക്കാൾ 50 ശതമാനം കുറവായിരിക്കുമെന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ യൂട്യൂബ് പ്രീമിയം ലൈറ്റിന്‍റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് നിലവിൽ സ്ഥിരീകരണമൊന്നുമില്ല.
ഇന്ത്യയിൽ സബ്‌സ്‌ക്രിപ്‌ഷന് വില കുറയുമോ?
യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ഇന്ത്യയിൽ ലഭ്യമാകുമോ എന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും തന്നെയില്ല. പ്രതിമാസം 149 രൂപയാണ് ഇന്ത്യയിൽ സാധാരണ പ്രീമിയം പ്ലാനിന്‍റെ വില വരുന്നത്. അതിനാൽ തന്നെ യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ രാജ്യത്ത് അവതരിപ്പിക്കുകയാണെങ്കിൽ ഏകദേശം 75 രൂപയ്ക്ക് ലഭ്യമാകാനാണ് സാധ്യത.