9 വര്‍ഷം മുന്‍പായിരുന്നു ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ 'വാട്‌സ്‌ആപ്പ്' തങ്ങളുടെ ആപ്ലിക്കേഷനില്‍ ആദ്യമായി കോളിങ് സൗകര്യം കൊണ്ടുവന്നത്. പിന്നീട്, കാലക്രമേണ ഇതിലും മാറ്റം വരുത്താൻ അവര്‍ക്കായി. ഗ്രൂപ്പ് കോളുകളും വീഡിയോ കോളുകളും ഉള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളായിരുന്നു വാട്‌സ്‌ആപ്പ് നടത്തിയത്.
വാട്‌സ്‌ആപ്പിലെ വീഡിയോ കോളിങ് ഫീച്ചറില്‍ ഇപ്പോള്‍ കൂടുതല്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മൊബൈല്‍, ഡെസ്‌ക്ടോപ്പ് ഡിവൈസുകള്‍ക്കായാണ് കമ്പനിയുടെ പുതിയ അപ്‌ഡേറ്റുകള്‍. ഒരേസമയം, വീഡിയോ കോളില്‍ പങ്കെടുക്കാൻ സാധിക്കുന്ന പരമാവധി ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചത് ഉള്‍പ്പടെ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ആപ്പില്‍ കമ്പനി വരുത്തിയിരിക്കുന്നത്.
വീഡിയോ കോളില്‍ 32 പേര്‍: വാട്‌സ്‌ആപ്പിലൂടെയുള്ള വീഡിയോ കോളില്‍ ഇനി മുതല്‍ ഏത് ഡിവൈസിലൂടെയും ഒരേ സമയം 32 പേര്‍ക്ക് പങ്കെടുക്കാൻ സാധിക്കും. നേരത്തെ, മൊബൈല്‍ ഫോണുകളില്‍ മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. പുതിയ അപ്‌ഡേറ്റോടെ വിന്‍ഡോസ്, മാക് ഒഎസ് ഉപയോക്താക്കള്‍ക്കും വീഡിയോ കോളില്‍ 32 പേരായി പങ്കെടുക്കാം. നേരത്തെ, വിന്‍ഡോസില്‍ 16, മാക് ഒഎസില്‍ 18 പേര്‍ക്കുമായിരുന്നു ഒരു സമയം വീഡിയോ കോളില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നത്.