ഹൈദരാബാദ്: ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് ഇടക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് എത്താറുണ്ട്. ഇൻസ്റ്റാഗ്രാമിലെ സ്റ്റോറി മെൻഷൻ ഫീച്ചറിന് സമാനമായ സ്റ്റാറ്റസ് മെൻഷൻ ഫീച്ചർ ഇപ്പോൾ വാട്ട്‌സ്‌ആപ്പിലും ലഭ്യമാണ്. സ്റ്റാറ്റസ് വെയ്‌ക്കുമ്പോൾ നമ്മളുടെ പ്രിയപ്പെട്ടവരെ കൂടി മെൻഷൻ ചെയ്യാവുന്നതാണ് ഈ ഫീച്ചർ. ലളിതമായി പറഞ്ഞാൽ നമ്മൾ വെക്കുന്ന വാട്‌സ്‌ആപ്പ് സ്റ്റാറ്റസിൽ മറ്റുള്ളവരെ കൂടി ചേർക്കാനാകും. ഈ ഫീച്ചറിന്‍റെ ഉപയോഗമെന്തെന്നും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പരിശോധിക്കാം.
എന്താണ് സ്റ്റാറ്റസ് മെൻഷൻ ഫീച്ചർ:
വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് വെയ്‌ക്കുമ്പോൾ കോൺടാക്‌റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ സാധിക്കുന്നതാണ് ഈ ഫീച്ചർ. മെൻഷൻ ഫീച്ചർ വഴി ഉപയോക്താവിന് സുഹൃത്തുക്കളെ സ്റ്റാറ്റസിൽ ചേർക്കാനാവും. സ്റ്റാറ്റസിൽ മെൻഷൻ ചെയ്യുന്നത് വഴി സുഹൃത്തിന് നോട്ടിഫിക്കേഷനും ലഭിക്കുകയും, അവരുടെ ഫോണിൽ നിന്നും സ്റ്റാറ്റസ് ഷെയർ ചെയ്യാൻ കഴിയുകയും ചെയ്യും. ഇതുവഴി ടാഗ് ചെയ്‌ത സുഹൃത്തിന് ഗാലറിയിൽ നിന്നും ഫോട്ടോ സെലക്‌ട് ചെയ്യാതെ തന്നെ സ്റ്റാറ്റസ് വെക്കാനാകും.
ഈ ഫീച്ചർ ഉപയോഗപ്പെടുന്ന ഒരു സന്ദർഭം പറയാം. നിങ്ങളുടെ സുഹൃത്ത് വാട്‌സ്‌ആപ്പിൽ ഒരു വീഡിയോ സ്റ്റാറ്റസ് വച്ചെന്ന് കരുതുക. ആ വീഡിയോ നിങ്ങളുടെ ഗാലറിയിൽ ലഭ്യമല്ലെങ്കിലും സ്റ്റാറ്റസ് മെൻഷൻ ഫീച്ചർ വഴി നിങ്ങൾക്ക് സ്റ്റാറ്റസ് വെക്കാനാവും. ഇതിനായി സുഹൃത്ത് നിങ്ങളെ മെൻഷൻ ചെയ്യണമെന്ന് മാത്രം. സുഹൃത്ത് അവരുടെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്‌താൽ ഒരൊറ്റ ക്ലിക്കിൽ നിങ്ങൾക്കും ഈ സ്റ്റാറ്റസ് ഷെയർ ചെയ്യാനാകും.
എങ്ങനെ സുഹൃത്തുക്കളെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാം?
- സ്റ്റാറ്റസ് വെക്കുന്നതിനായി ഫോട്ടോ തെരഞ്ഞെടുക്കുക
- ക്യാപ്‌ഷൻ നൽകുന്നതിന്‍റെ വലതുവശത്തായി '@' എന്ന ഓപ്‌ഷൻ കാണാനാവും.

- ഇതിൽ ക്ലിക്ക് ചെയ്‌ത ശേഷം സ്‌ക്രീനിൽ നിങ്ങളുടെ കോൺടാക്‌റ്റ് ലിസ്റ്റ് പ്രത്യക്ഷപ്പെടും. കോൺടാക്‌റ്റ് ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് മെൻഷൻ ചെയ്യേണ്ടവരെ തെരഞ്ഞെടുക്കുക.
- തുടർന്ന് താഴെ വലതുവശത്ത് കാണുന്ന 'ടിക്ക്' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സ്റ്റാറ്റസ് ഷേയർ ചെയ്യുന്നതിനുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക.

ഇതോടെ നിങ്ങൾ കോൺടാക്‌റ്റ് ലിസ്റ്റിൽ നിന്നും ടാഗ് ചെയ്‌ത സുഹൃത്തിന്‍റെ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും. സുഹൃത്തിന് ഈ സ്റ്റാറ്റസ് എടുത്തിന് ക്യാപ്‌ഷന്‍റെ വലതുവശത്ത് കാണുന്ന ഷേയർ ഐക്കണിൽ ക്ലിക്ക് ചെയ്‌ത് സ്റ്റാറ്റസ് ഷെയർ ചെയ്യാവുന്നതാണ്.

പ്രൈവസിയെ ബാധിക്കുമോ?
പുതിയ ഫീച്ചറിനെ കുറിച്ച് വാട്‌സ്‌ആപ്പ് ഉപയോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള സംശയം എന്തെന്നാൽ, ടാഗ് ചെയ്‌ത ആൾ സ്റ്റാറ്റസ് ഷെയർ ചെയ്യുമ്പോൾ, ആദ്യം സ്റ്റാറ്റസ് ഇട്ടയാളുടെ പ്രൈവസിയെ ബാധിക്കുമോ എന്നതാണ്. എന്നാൽ ക്രിയേറ്ററുടെ ഐഡന്‍റിറ്റി പൂർണമായും സംരക്ഷിക്കപ്പെടും. ടാഗ് ചെയ്‌ത സ്റ്റാറ്റസ് ഷെയർ ചെയ്‌തയാളുടെ കോൺടാക്‌റ്റ് ലിസ്റ്റിലുള്ളവർക്ക് ക്രിയേറ്ററുടെ പേരോ, നമ്പറോ, പ്രൊഫൈലോ ഒന്നും തന്നെ വെളിപ്പെടുത്തുന്നില്ല. ഒരേസമയം 5 ആളുകളെ വരെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനാവും.
Also Read:
- കുട്ടികളുടെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി വേണം, പുത്തന്‍ ഡിജിറ്റല്‍ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
- 5 ജി നെറ്റ്‌വർക്കിനേക്കാളും മികച്ച സ്‌പീഡിൽ 5.5 ജി എത്തി: മാറ്റത്തിന് തുടക്കമിട്ട് ജിയോ: വൺപ്ലസിന്‍റെ പുതിയ ഫോണുകളിൽ ലഭ്യം
- സിരി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചോ? ഒത്തുതീർപ്പിനായി 814 കോടി നൽകാൻ ആപ്പിൾ തയ്യാറായതിന് പിന്നിൽ? വിശദാംശങ്ങൾ