ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബായാന്തോ പങ്കെടുത്തേക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യാതിഥി പ്രബോവോ തന്നെയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം പാകിസ്ഥാനിലേക്ക് പോകില്ലെന്നാണ് വിവരം. നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച ശേഷം പ്രസിഡന്‍റ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണ് ജക്കാര്‍ത്ത അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഇതിലെ ചില അസ്വഭാവികതകൾ ചൂണ്ടിക്കാട്ടിയതോടെയാണ് അദ്ദേഹത്തിന്‍റെ പാക് സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
എല്ലാ വർഷവും രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ലോകനേതാക്കളെ അതിഥികളായി ക്ഷണിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു മുഖ്യാതിഥി. 2023ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്‌ദേല്‍ ഫത്ത അല്‍ സിസി ആയിരുന്നു. 2021ലും 22ലും മുഖ്യാതിഥികള്‍ ഉണ്ടായിരുന്നില്ല. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് അന്ന് മുഖ്യാതിഥികളെ ഒഴിവാക്കിയത്. 2020 ല്‍ ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയ്‌ര്‍ ബൊല്‍സാനാരോ ആയിരുന്നു മുഖ്യാതിഥി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2019 ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമാഫോസയുമെത്തി. 2018 ല്‍ പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളായിരുന്നു മുഖ്യാതിഥികളായി പങ്കെടുത്തത്. 2017 ല്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനായിരുന്നു മുഖ്യാതിഥി. 2016ല്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയ്‌സ് ഹോളണ്ടെ എത്തി. 2015ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.
2014 ല്‍ ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെത്തി. 2013 ല്‍ ഭൂട്ടാന്‍ രാജാവ് ജിങ്മെ ഖസാര്‍ നംഗ്യെല്‍ വാങ്ചുക്ക് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. നിക്കോളാസ് സര്‍ക്കോസി, വ്ലാഡിമര്‍ പുട്ടിന്‍, നെല്‍സണ്‍ മണ്ടേല, ജോണ്‍ മേജര്‍, മുഹമ്മദ് ഖത്തമി, ജാക്വസ് ചിറാക് തുടങ്ങിയവരും വിവിധ വര്‍ഷങ്ങളില്‍ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തു.
1993 ലാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ജോണ്‍ മേജര്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തത്. 1995 ലാണ് നെല്‍സണ്‍മണ്ടേല എത്തിയത്. 2010 ല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യുങ്ബാക്ക് ആണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തത്.
2008 ല്‍ സര്‍ക്കോസി ഫ്രഞ്ച് പ്രസിഡന്‍റായിരിക്കെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു. 1998 ൽ ഇദ്ദേഹത്തിന്‍റെ മുന്‍ഗാമി ആയിരുന്ന ജാക്വസ് ചിറാകും എത്തിയിരുന്നു.
നേപ്പാള്‍ രാജാവ് ബീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് 1999ലും, ഇറാന്‍ പ്രസിഡന്‍റ് മുഹമ്മദ് ഖാത്തമി 2003 ലും, ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ബാംബാങ് യുധോയനോ 2011 ലും, മാലിദ്വീപ് പ്രസിഡന്‍റ് മൗമൂണ്‍ അബ്‌ദുള്‍ ഗയൂം 1991 ലും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായി.
Also Read: റിപ്പബ്ലിക് ദിന പരേഡ് സാക്ഷ്യം വഹിക്കാൻ വിശിഷ്‌ടാതിഥികളായി 22 മലയാളികള്‍