കൊല്ലം: അച്ഛനെയും മകനെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ കടയ്‌ക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. കടയ്‌ക്കൽ ചരിപ്പറമ്പ് വെളുത്തറ സ്വദേശിയായ വിഷ്‌ണു, വിഷ്‌ണുവിൻ്റെ അച്ഛൻ തുളസീധരൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇരുവർക്കും തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.
കേസിൽ വിഷ്‌ണുവിൻ്റെ അയൽവാസിയായ ചരിപ്പറമ്പ് വെളുന്തറ സ്വദേശിയായ ഉണ്ണി, ഉണ്ണിയുടെ സുഹൃത്തുക്കളായ ബിനു, രഞ്ജിത്ത് എന്നിവരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്‌ക്കൽ പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു.
എന്നാൽ പൊലീസ് മടങ്ങിയതിനു ശേഷം രാത്രിയോടു കൂടി മദ്യപിച്ച് എത്തിയ മൂവർസംഘം വിഷ്‌ണുവിനെയും അച്ഛൻ തുളസീധരനെയും വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ചുറ്റികക്ക് തലയ്‌ക്ക് അടിച്ചതിനു ശേഷം കാലിൽ പിടിച്ചു വലിച്ചിഴച്ച് വീടിനു സമീപത്തുള്ള റോഡിൽ എത്തിച്ച് ബിയർ കുപ്പി കൊണ്ട് വീണ്ടും മുഖത്തും തലയ്ക്കും മാരകമായ രീതിയിൽ പരിക്കേൽപിച്ചെന്നും പരാതിയിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അവശ നിലയിലായ രണ്ടുപേരെയും ബന്ധുക്കൾ ചേർന്ന് കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ ഇരുവരും നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. കടയ്‌ക്കൽ പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും ചരിപ്പറമ്പിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.