തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായി കൈറ്റ് (കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍) തയാറാക്കിയ 'സമ്പൂര്‍ണ പ്ലസ്' മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം ഇനിമുതല്‍ രക്ഷിതാക്കള്‍ക്കും ലഭ്യമാകും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളുമായി ബന്ധപ്പെട്ട വിവരശേഖരണം 'സമ്പൂര്‍ണ' ഓണ്‍ലൈന്‍ സ്‌കൂള്‍ മാനേജ്‌മെന്‍റ് സോഫ്‌റ്റ്‌വെയറിലൂടെ നടത്തുന്നതിനും വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് ഹാജര്‍, പഠന നിലവാരം, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എന്നിവകൂടി കൂട്ടിച്ചേര്‍ത്ത് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആപ്പിലൂടെ ഒരുക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആപ്പിന്‍റെ പ്രകാശനം നിര്‍വഹിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമ്പൂര്‍ണ പ്ലസ് ആപ്പിന്‍റെ ഏറ്റവും പ്രധാന പ്രത്യേകത രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നു എന്നതാണ്. കുട്ടിയുടെ ഹാജര്‍ നില, പഠനനില, പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നിവ രേഖപ്പെടുത്താനും ആപ്പില്‍ സൗകര്യമുണ്ട്. സമ്പൂര്‍ണ ഓണ്‍ലൈന്‍ സ്‌കൂള്‍ മാനേജ്‌മെന്‍റ് സിസ്റ്റത്തിനൊപ്പമാണ് സമ്പൂര്‍ണ പ്ലസ് ആപ്പിലും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ആപ്പില്‍ എങ്ങനെ ലോഗ് ഇന്‍ ചെയ്യാം...
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 'Sampoorna Plus' ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
- പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ (HM/Teacher/Parent) എന്നിവര്‍ ലഭ്യമായ ഓപ്‌ഷനുകളില്‍ യോജിച്ചവ തെരഞ്ഞെടുത്ത് ഉപയോഗിക്കണം.
- ആദ്യമായി ഉപയോഗിക്കുമ്പോള്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിക്കണം. ഈ നമ്പരിലേക്കാണ് ഒടിപി ലഭിക്കുക. മൊബൈലില്‍ കിട്ടിയ ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- ലോഗ് ഇന്‍ ചെയ്‌തുകഴിഞ്ഞാല്‍ പ്രസ്‌തുത മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്‌തിട്ടുള്ള കുട്ടിയുടെ പ്രൊഫൈല്‍ രക്ഷിതാവിന് ലഭിക്കും.
- പ്രൊഫൈലില്‍ സ്‌കൂളില്‍ നിന്ന് അയക്കുന്ന മെസേജുകളും ഹാജര്‍, മാര്‍ക്ക് ലിസ്റ്റ് എന്നിവയും കാണാം.
ഡിസംബറില്‍ നടന്ന ഒന്നുമുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ടേം പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമ്പൂര്‍ണ പ്ലസ് ആപ്പില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ആപ്പ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാനാവുമെന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് അറിയിച്ചു.