എറണാകുളം : കൊച്ചി വാട്ടര്‍ മെട്രോ വിജയകരമായതോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാന സർക്കാറിന്‍റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമായ വാട്ടർ മെട്രോ ഒരു വർഷത്തിനുള്ളിലാണ് വിജയകരമെന്ന് വ്യക്തമായത്.
മികച്ച യാത്രാനുഭവവും മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങളും പൂര്‍ണമായും പരിസ്ഥിതി സൗഹൃദവുമായും സജ്ജീകരിച്ച കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികൾ തുടങ്ങുന്നത്. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറിലാണ് കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താന്‍ ആവശ്യപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതേ തുടർന്ന് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാൻ കെഎംആര്‍എല്‍ ഡയറക്‌ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെ ഇന്‍ഹൗസ് കമ്മറ്റി രൂപകീരിച്ച് വാട്ടര്‍ മെട്രോ ഇതര സ്ഥലങ്ങളില്‍ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ ആരംഭിച്ചു. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്‌ധ സേവനവും തേടും. കേരളത്തിനും കെഎംആര്‍എല്ലിനും വാട്ടര്‍മെട്രോയ്ക്കും ലഭിച്ച വലിയ അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ ഇത്രയും സ്ഥലങ്ങളിലെ വൈവിധ്യമാര്‍ന്ന ജലകേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുക എന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്. തടാകം, പുഴ, ജലാശയങ്ങള്‍, കായലുകള്‍, സമുദ്രം തുടങ്ങി വൈവിധ്യമാര്‍ന്നയിടങ്ങളിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത തേടുന്നത്.
വാട്ടർ മെട്രോ സാധ്യതാ പട്ടിക
ഗുഹാവത്തിയില്‍ ബ്രഹ്മപുത്ര നദിയിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുദ്ദേശിക്കുന്നത്. ജമ്മു-കശ്‌മീരില്‍ ഇത് ദാല്‍ തടാകത്തിലാണ് അരംഭിക്കുന്നത്. ആന്‍റമാനിലാകട്ടെ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അഹമ്മദാബാദ്-സബര്‍മതി. സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊച്ചി, കൊല്ലം, കൊല്‍ക്കത്ത, പട്‌ന, പ്രയാഗ്രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആന്‍റമാന്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോയ്ക്കുള്ള സാധ്യത പരിഗണിക്കുന്നത്. സാധ്യത പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാം എന്നതില്‍ അന്തിമ തീരുമാനം ആയാല്‍ ആ സ്ഥലങ്ങളിലെ വാട്ടര്‍ മെട്രോയുടെ വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിനുള്ള നടപടികള്‍ അരംഭിക്കും.
Also Read: 'വാട്ടർ മെട്രോയല്ല, ഇത് വാട്ടര്‍ പ്ലെയിന്‍': വാനോളം പുകഴ്‌ത്തി കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍