ചെന്നൈ: ജൂൺ അഞ്ചിന് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും കുടുങ്ങിക്കിടക്കുകയാണ്. 10 ദിവസത്തിനുള്ളിൽ ഇരുവരും ഭൂമിയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ ഹീലിയം ചോർച്ച കാരണം ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുകയാണ്.
തിരികെ എത്താന്‍ ഇരുവർക്കും 2025 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നാസ അറിയിച്ചത്. ഇരുവർക്കും 300 ദിവസത്തിലധികം ബഹിരാകാശത്ത് തങ്ങാൻ സാധിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. എങ്കിൽ പോലും 10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടവർ ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ ഇവരുടെ ദൈന്യംദിന കാര്യങ്ങൾ അടക്കം എങ്ങനെ നടക്കുമെന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്ക തോന്നിയിട്ടുണ്ടാവും. ബഹിരാകാശ നിലയത്തിൽ ഇരുവരും നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഇതേ ആശങ്ക ഐഎസ്ആർഒ സാറ്റലൈറ്റ് സെൻ്റർ മുൻ ഡയറക്‌ടറായ മയിൽസ്വാമി അണ്ണാദുരൈയോട് പങ്കുവയ്‌ക്കുകയാണ് ഇടിവി ഭാരതും.
500 ദിവസത്തിലും 1,000 ദിവസത്തിലും കൂടുതൽ ബഹിരാകാശത്ത് തങ്ങിയവരുണ്ട്. അനുയോജ്യരായവരെ തെരഞ്ഞെടുത്ത്, അവർക്ക് ശാരീരികവും മാനസികവുമായ പരിശീലനം നൽകിയതിന് ശേഷമേ ബഹിരാകാശത്തേക്ക് അയക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സുനിത വില്യംസിന് ബഹിരാകാശ പരിചയം ഉണ്ടെന്നും, ഈ ദൗത്യത്തിന് അവരെ തെരഞ്ഞെടുത്തത് അതുകൊണ്ടാണെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യയുടെ ചാന്ദ്ര മനുഷ്യൻ എന്നറിയപ്പെടുന്ന മയിൽസ്വാമി പറഞ്ഞു.
മുമ്പും ബഹിരാകാശത്ത് ദീർഘകാലം താമസിച്ചവരുണ്ട്. 1991ൽ സോവിയറ്റ് യൂണിയനെ പ്രതിനിധികരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ ബഹിരാകാശ സഞ്ചാരികൾ ഏകദേശം 311 ദിവസം ബഹിരാകാശത്ത് താമസിച്ചിട്ടുണ്ട്. 1991 മെയ് 19 ന് സോയൂസ് ടിഎം -12 എന്ന പേടകത്തിൽ ബഹിരാകാശത്തേക്ക് പോയ സെർജി കോൺസ്റ്റാൻ്റിനോവിച്ച് ക്രികലിയോവും അലക്‌സാണ്ടർ വോൾക്കോവും 1992 മാർച്ച് 25 നാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. അവർ മടങ്ങിയെത്തുമ്പോഴേക്കും സോവിയറ്റ് യൂണിയൻ പിളർന്ന് റഷ്യയായി മാറിയിരുന്നു എന്ന രസകരമായ കാര്യവും മയിൽസ്വാമി ഓർത്തു.
ബഹിരാകാശ സഞ്ചാരികളുടെ ദിനചര്യ എങ്ങനെയായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. നമ്മൾ ഒരു സാധാരണ യാത്ര പോവുന്നത് പോലെ വസ്ത്രങ്ങളും ഭക്ഷണവും കരുതിയാണ് ബഹിരാകാശ സഞ്ചാരികൾ പോകുന്നത്. അവർ എന്ത് കഴിക്കും? എങ്ങനെയാണ് കുളിക്കുന്നത്? ഇത്തരം അടിസ്ഥാനപരമായ സംശയങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് മയിൽ സ്വാമി.
പല്ല് തേക്കുന്നതെങ്ങനെ?: ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്തതിനാൽ എല്ലാ വസ്‌തുക്കളും വായുവിൽ പൊങ്ങിക്കിടക്കും. ഭൂമിയിൽ പല്ല് തേച്ചാൽ താഴേക്ക് തുപ്പാനാകും. എന്നാൽ ബഹിരാകാശത്ത് അത് സാധ്യമാകില്ല. അതിനാൽ ബ്രഷ് ചെയ്‌തതിന് ശേഷം കഴിക്കാവുന്ന തരത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ടൂത്ത് പേസ്റ്റ് ആണ് അവർ ഉപയോഗിക്കുക. പല്ല് തേക്കുമ്പോൾ തുള്ളികൾ പുറത്തേക്ക് വരാതിരിക്കാൻ അവർ വായ തുറക്കാതെ പല്ല് തേക്കും. പിന്നീട് വൈപ്പിങ് ടിഷ്യൂ ഉപയോഗിച്ച് പല്ലുകൾ തുടച്ച് വൃത്തിയാക്കും.
മല മൂത്രവിസർജനം നടത്തുന്നതെങ്ങനെ:
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ഒരു ടോയ്‌ലറ്റ് (യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ്) സാധാരണയായി ബഹിരാകാശ കപ്പലിൽ ഒരു സക്ഷൻ ട്യൂബ് ടോയ്‌ലറ്റായി ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഈ പൈപ്പുകളിലൂടെ മാലിന്യങ്ങൾ മറ്റ് രാസവസ്‌തുക്കളുടെ സഹായത്തോടെ ബാഷ്‌പീകരിക്കപ്പെടും. മൂത്രം റീസൈക്കിൾ ചെയ്യപ്പെടും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ രണ്ട് ടോയ്‌ലറ്റുകൾ ഉണ്ട്. ഒന്ന് റഷ്യ രൂപകൽപ്പന ചെയ്‌തതും മറ്റൊന്ന് അമേരിക്ക രൂപകൽപ്പന ചെയ്‌തതുമാണ്.
ബഹിരാകാശയാത്രികർ കുളിക്കാറുണ്ടോ?: ബഹിരാകാശ യാത്രികർ വിയർക്കാത്ത രീതിയിലായിരിക്കും ബഹിരാകാശ കേന്ദ്രത്തിലെ താപനില ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ബഹിരാകാശ സഞ്ചാരികൾക്ക് ആഴ്‌ചകളോളം വസ്ത്രം മാറേണ്ടതില്ല. കൃത്യമായ ഇടവേളകളിൽ അടിവസ്ത്രങ്ങൾ മാത്രമായിരിക്കും കൂടുതലായും അവർ മാറ്റുന്നത്. ശരീരം വൃത്തിയാക്കാൻ പ്രത്യേക ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കും.
ബഹിരാകാശത്തെ ആഹാരം: സഞ്ചാരികൾ ബഹിരാകാശ പരിതസ്ഥിതിയിൽ പ്രതിദിനം 2800 കലോറി കഴിക്കേണ്ടതുണ്ട്. അവർക്ക് ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. സുനിത വില്യംസ് തൻ്റെ യാത്രയിൽ മീൻ വിഭവങ്ങൾ സൂക്ഷിച്ചത് എടുത്തു പറയേണ്ട കാര്യമാണെന്നും മയിൽസ്വാമി പറഞ്ഞു.
ബഹിരാകാശത്ത് കഴിക്കുന്ന ഭക്ഷണങ്ങളുടെ ഫയൽ ഫോട്ടോ (യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ്) ബഹിരാകാശയാത്രികരുടെ ഭക്ഷണങ്ങൾ എന്തെല്ലാം?
ഓരോ ബഹിരാകാശയാത്രികർക്കും ബഹിരാകാശ പേടകത്തിൻ്റെ തറയിൽ ഭക്ഷണ ട്രേകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ കാലം നിലനിൽക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളായിരിക്കും അവർക്ക് നൽകുക. റഷ്യൻ ഭക്ഷണം ചുവന്ന ട്രേയിലും അമേരിക്കൻ/യൂറോപ്യൻ ഭക്ഷണം നീല ട്രേയിലും ആയിരിക്കും വിളമ്പുന്നത്. സംസ്‌കരിച്ച ഏറെ കാലം നിൽക്കുന്ന ചായ, കാപ്പി, പഴത്തിന്‍റെ പൊടികൾ, ഓട്‌സ് മുതലായവ ആയിരിക്കും ഇവരുടെ ഭക്ഷണങ്ങൾ. കൂടാതെ ഉണക്കിയ പഴങ്ങൾ, പാകം ചെയ്‌ത മത്സ്യം, മധുരപലഹാരങ്ങൾ തുടങ്ങിയവ ടിന്നിലടച്ച് പ്ലാസ്റ്റിക് കപ്പുകളിൽ സൂക്ഷിക്കുന്നുണ്ടായിരിക്കും. ഇവ ഇഷ്‌ടാനുസരണം എടുത്ത് കഴിക്കാൻ സാധിക്കും. ബദാം, പിസ്‌ത, കശുവണ്ടി തുടങ്ങിയവയും ഫോയിൽ പേപ്പറിൽ പൊതിഞ്ഞ ബീഫും ഇവർ യാത്രകളിൽ കരുതാറുണ്ട്.
ഭക്ഷണങ്ങൾ ഏതും കഴിക്കാമെങ്കിലും ഭൂമിയിൽ കഴിക്കുന്നത് പോലെ പ്ലേറ്റിൽ വെച്ച് ഭക്ഷണം കഴിക്കാൻ കഴിയില്ല. ഭക്ഷണം കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടി വരും. ഇല്ലെങ്കിൽ ഭക്ഷണം പറന്നു നടക്കും.
ബഹിരാകാശത്തെ വ്യായാമം:ബഹിരാകാശത്ത് ഗുരുത്വാകർഷണത്തിൻ്റെ അഭാവം മൂലം രക്തപ്രവാഹത്തിൽ മാറ്റങ്ങൾ സംഭവിക്കാം. എല്ലുകളിലും പേശികളിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. ബഹിരാകാശത്ത് ചെറിയ ഭാരം പോലും പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം. അതിനാൽ ബഹിരാകാശയാത്രികർ ശാരീരികക്ഷമത നിലനിർത്താൻ വ്യായാമം ചെയ്യണം. ഇതിനായി ഒരു ട്രെഡ് മിൽ വ്യായാമ ബൈക്ക് എന്നിവ ഐഎസ്എസിൽ സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശയാത്രികർക്ക് ആരോഗ്യകരമായി തുടരാൻ ദിവസത്തിൽ 2 മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.
ഇത്തരം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാലേ ബഹിരാകാശത്ത് നിലനിൽക്കാനാവൂ. ബഹിരാകാശ യാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. എങ്കിലും സുരക്ഷിതമായി എത്രയും പെട്ടന്ന് തിരിച്ചെത്തുക എന്നതായിരിക്കുമല്ലോ അവരുടെയും ആഗ്രഹം. അവർ സുരക്ഷിതരായി ഭൂമിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് നാസയുടെ ലക്ഷ്യം. അവരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തുടർപദ്ധതികൾ നാസ പ്ലാൻ ബി ആരംഭിച്ചിരിക്കുകയാണെന്നും മയിൽസ്വാമി പറഞ്ഞു.
ബോയിങ്ങി സ്റ്റാർലൈനർ ഒരു മടക്കയാത്രയ്ക്ക് അനുയോജ്യമല്ലെന്ന് കരുതുന്നതിനാൽ നാലംഗങ്ങളടങ്ങുന്ന ക്രൂ 9 ഡ്രാഗൺ ക്രൂവിനെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് നാസയുടെ തീരുമാനം. സ്‌പേസ് എക്‌സ് ക്രൂ 9 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം 2024 സെപ്റ്റംബറിൽ വിക്ഷേപിക്കുകയും 2025 ഫെബ്രുവരിയോടെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്നും നാസ അറിയിച്ചിട്ടുണ്ട്.
Also Read: ഗഗൻയാനില്‍ ബഹിരാകാശ യാത്രക്ക് 'ഈച്ചകൾ': നിര്‍ണായക പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ