തിരുവനന്തപുരം: പാലക്കാട് ബ്രൂവറി അനുമതിക്ക് കൃഷി - ജല വകുപ്പുകളുമായി ചര്‍ച്ചയുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ക്യാബിനെറ്റ് നോട്ട് പുറത്ത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ക്യാബിനെറ്റ് നോട്ട് പുറത്തു വിട്ടത്. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേര്‍ന്ന് ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് 24 ഏക്കര്‍ ഭൂമി കമ്പനിയുടെ കൈവശമുണ്ടെന്നും പദ്ധതിക്ക് ആവശ്യമായ വെള്ളം കേരള വാട്ടര്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും ക്യാബിനെറ്റ് നോട്ടില്‍ പറയുന്നു.
ആവശ്യമായ വെള്ളം ശേഖരിക്കാന്‍ മഴവെള്ള സംഭരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്യാബിനെറ്റ് നോട്ടില്‍ വിശദീകരിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മന്ത്രിയും ചേര്‍ന്നാണ് വിവാദ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ധനകാര്യം, ജലവിഭവം, തദ്ദേശ സ്വയംഭരണം, വ്യവസായം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ല. സംഭവത്തില്‍ എല്‍ഡിഎഫ് ഘടക കക്ഷികളുടെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.
വിഷയത്തില്‍ സിപിഐ മുഖപത്രത്തിലും സര്‍ക്കാരിനെതിരെ എതിര്‍പ്പ് പരസ്യമാക്കിയിട്ടുണ്ട്. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ സത്യന്‍ മൊകേരിയാണ് ഇന്നത്തെ ജനയുഗത്തില്‍ ബ്രൂവറി വിഷയത്തില്‍ സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചത്.
ബ്രൂവറി പ്ലാന്‍റ് കര്‍ഷക തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മദ്യ കമ്പനിക്ക് വെള്ളം വിട്ടു നല്‍കിയാല്‍ നെല്‍കൃഷി ഇല്ലാതാകും. സംസ്ഥാന താത്പര്യത്തിന് നിരക്കാത്ത പദ്ധതിയാണിതെന്നും സത്യന്‍ മൊകേരിയുടെ ലേഖനത്തില്‍ വിശദീകരിക്കുന്നു.