ന്യൂഡൽഹി: യമുന നദിയിലെ ജലത്തിൽ ബിജെപി വിഷം കലർത്തി കൂട്ടക്കൊല നടത്തുന്നുവെന്ന കെജ്‌രിവാളിന്‍റെ ആരോപണങ്ങൾ വസ്‌തുതകൾ സഹിതം തെളിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിശദീകരണം തേടി ആംആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാളിന് കമ്മീഷന്‍ കത്തയച്ചു.
ദേശീയോദ്ഗ്രഥനത്തിനും പൊതു ഐക്യത്തിനും എതിരായ പ്രസ്‌താവനകൾ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങൾ മൂലം ജലക്ഷാമമോ ലഭ്യതക്കുറവോ ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
കെജ്‌രിവാള്‍ പറയുന്നതുപോലെയെങ്കില്‍, ആളുകളെ കൂട്ടക്കൊല ചെയ്യാന്‍ പാകത്തിന് യമുനയിൽ എത്ര അളവില്‍ വിഷം കലർത്തി എന്ന് വിശദീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനുപയോഗിച്ച രാസവസ്‌തുക്കള്‍ ഏതാണെന്നും കമ്മീഷന്‍ ചോദിച്ചു. ഡൽഹി ജലബോർഡിലെ എഞ്ചിനീയർമാർ കൃത്യസമയത്ത് ഇത് കണ്ടെത്തി തടഞ്ഞുവെന്ന കെജ്‌രിവാളിന്‍റെ അവകാശവാദം തെളിയിക്കുന്ന വിശദാംശങ്ങൾ പങ്കുവക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വസ്‌തുതാപരവും നിയമപരവുമായ തെളിവുകളടക്കം ജനുവരി 29 ന് രാത്രി 8 മണിക്കകം മറുപടി നൽകണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യമുന നദിയില്‍ വിഷം കലര്‍ത്തുന്നു എന്നാണ് കഴിഞ്ഞ തിങ്കളാഴ്‌ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാള്‍ പറഞ്ഞത്.
ആരോപണത്തിനെതിരെ ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അതേസമയം, ഹരിയാന ഡൽഹിയിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ അമോണിയയുടെ അളവ് ഉയരുന്നത് ഡല്‍ഹിയിലേക്കുള്ള ജലവിതരണത്തെ സാരമായി ബാധിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ മനപൂർവം യമുന നദിയിലേക്ക് അമോണിയ പുറന്തള്ളുന്നുണ്ടെന്ന് കാട്ടി അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഈ വിഷയത്തിൽ ഹരിയാന സർക്കാരിന്‍റെ വിശദീകരണവും കമ്മീഷന്‍ തേടിയിട്ടുണ്ട്.
അതേസമയം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് കെജ്‌രിവാളിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കെജ്‌രിവാൾ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു.
കെജ്‌രിവാളിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ കെജ്‌രിവാളിനെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി മുന്നറിയിപ്പ് നല്‍കി.