വെബ്‌സൈറ്റുകൾ തുറക്കുമ്പോൾ, "ഞാൻ ഒരു റോബോട്ട് അല്ല" (I'm not a robot) എന്ന ചെക്ക് ബോക്‌സ് കാണാറില്ലേ?. അതിൽ ക്ലിക്ക് ചെയ്‌ത് നമ്മൾ മനുഷ്യർ തന്നെയെന്ന് തെളിയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയൂ!. എന്നാൽ ഈ ചെക്ക് ബോക്‌സിൽ ക്ലിക്ക് ചെയ്‌താൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. എന്നാൽ ഞെട്ടാൻ തയ്യാറായിക്കോളൂ.
നിസാരക്കാരനല്ല ഈ ചെക്ക് ബോക്‌സ്. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് അതിന്‍റെ പ്രവർത്തനം, മികച്ചതാണ് ഒപ്പം സങ്കീർണവുമാണ്. ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം.
'അയാം നോട്ട് എ റോബോർട്ട്' എന്നത് CAPTCHA (ക്യാപ്‌ച) എന്നറിയപ്പെടുന്ന ഒരു സിസ്റ്റത്തിൻ്റെ ഭാഗമാണ്. ഓട്ടോമേറ്റഡ് ബോട്ടുകളും മനുഷ്യരും തമ്മിൽ വേർതിരിച്ചറിയാനുള്ള ഒരു ഓട്ടോമാറ്റിക് പബ്ലിക് ടൂറിംഗ് ടെസ്റ്റാണിത്. അതിൻ്റെ സംവിധാനം വളരെ സങ്കീർണമാണ്.
ഈ ചെക്ക്ബോക്‌സിൽ ക്ലിക്ക് ചെയ്‌താൽ, ഉടൻ തന്നെ അത് നിങ്ങളെ കുറിച്ച് ചോദിക്കും. അതായത്, നിങ്ങൾ മുമ്പ് ഇൻ്റർനെറ്റിൽ എന്താണ് ചെയ്‌തതെന്ന് ഇത് പരിശോധിക്കുന്നു. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, നിങ്ങൾ ഇൻ്റർനെറ്റിൽ തിരഞ്ഞതും ചെയ്‌തതുമായ കാര്യങ്ങളെ ക്യാപ്‌ച സിസ്റ്റം പൂർണമായും വിശകലനം ചെയ്യും. ഇനി സാങ്കേതികമായി പറഞ്ഞാൽ അത് നിങ്ങളുടെ ഡിജിറ്റൽ ചെയ്‌തികളെയെല്ലാം പരിശോധിക്കും. ഇതിലൂടെയാണ് ഓട്ടോമേറ്റഡ് ബോട്ടിന് (ബോട്ട്) മനുഷ്യരെ വേർതിരിച്ചറിയാൻ കഴിയുക.
അതായത് നിങ്ങൾ യഥാർഥ വ്യക്തിയാണോ അല്ലയോ എന്ന് നിർണയിക്കാൻ അത് നിങ്ങളുടെ ബ്രൗസിംഗ് ഹിസ്‌റ്ററി പരിശോധിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു ക്യാപ്‌ച നൽകിയാലും ഒരു ചെക്ക് ബോക്‌സിൽ ക്ലിക്ക് ചെയ്‌താലും, നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ പെരുമാറ്റം പ്രവചിക്കും. ഈ ക്യാപ്‌ച സിസ്റ്റം നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിങ്ങൾ ചെക്ക് ബോക്‌സിൽ ക്ലിക്ക് ചെയ്‌താലുടൻ, അത് നിങ്ങളെ കുറിച്ച് പരിശോധിക്കാൻ വെബ്സൈറ്റിനെ പ്രേരിപ്പിക്കുന്നു. ഉടൻ തന്നെ ആ വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസിംഗ് ഹിസറ്ററി പൂർണമായും വിശകലനം ചെയ്യും.
ഇതിന്‍റെ പ്രവർത്തനം ഇവിടെയും അവസാനിക്കുന്നില്ല. നിങ്ങൾ മൗസ് എങ്ങനെ ചലിപ്പിക്കുന്നു എന്നതും ഈ ക്യാപ്‌ച സിസ്റ്റം കണക്കിലെടുക്കുന്നു. ഒരു ദിശയിൽ മൗസ് എത്ര വേഗത്തിൽ നീങ്ങുന്നു, കൈ ചലനങ്ങൾ എങ്ങനെ എന്നെല്ലാം വിശകലനം ചെയ്യും. ഇനിയും നിങ്ങൾ റോബോട്ടല്ലെന്ന് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ഉടൻ തന്നെ ഒരു ദ്വിതീയ പരിശോധനയും നടത്തുന്നതാണ്.
ഇതിനായി 'അയാം നോട്ട് എ റോബോർട്ട്' എന്ന ചെക്ക് ബോക്‌സിന് കീഴിൽ ഒരു ചിത്രം ദൃശ്യമാകും. ഇതിൽ ധാരാളം പെട്ടികളുണ്ട്. ഇതിനെ ഇമേജ് റെക്കഗ്നിഷൻ ടെസ്റ്റ് എന്നാണ് വിളിക്കുക. നിങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം അനുസരിച്ച്, നിങ്ങൾ ശരിയായ ബോക്‌സുകളിൽ ക്ലിക്ക് ചെയ്യണം. ഇതുവഴി നിങ്ങൾ മനുഷ്യനാണോ അല്ലയോ എന്ന് നിർണയിക്കപ്പെടുന്നു.
ഈ ക്യാപ്‌ച സംവിധാനം വളരെ അരോചകമായാണ് പലർക്കും അനുഭവപ്പെടാറ്. എന്നാൽ വെബ്‌സൈറ്റുകളെ ദോഷകരമായി ബാധിക്കുന്ന 'ബോട്ടുകളെ' ഫലപ്രദമായി നേരിടാനും സ്‌പാമുകൾ തടയാനും ഇത് ചെയ്യേണ്ടത് ആവശ്യമാണ്. കാപ്‌ച സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നുവെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും വെബ്‌സൈറ്റുകളെ പ്രതികൂലമായി ബാധിക്കുന്ന ബോട്ടുകളെ തടയേണ്ടത് നിർബന്ധമാണല്ലോ എന്ന പ്രതിവാദവും ഉയരുന്നുണ്ട്.
ALSO READ:നെറ്റ്ഫ്ലിക്‌സിൽ ഏറ്റവും പുതിയ സിനിമകൾ കാണണോ? ഈ 'രഹസ്യ കോഡുകൾ' പരീക്ഷിച്ചു നോക്കൂ...