ഹൈദരാബാദ് :യാത്രകളില്‍ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സുരക്ഷയേകാന്‍ 'മൈ സേഫ്റ്റിപിൻ ആപ്പ്'. ആപ്പ് ഉപയോഗിച്ച് ഏത് സാഹചര്യത്തിലും എളുപ്പത്തിൽ സ്വയം പരിരക്ഷ നേടാന്‍ കഴിയും. വിവിധ പ്രദേശങ്ങളിലെ സുരക്ഷിത്വവും സുരക്ഷിതത്വമില്ലായ്‌മയും അടക്കം സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നൽകുന്ന ഒരു ക്രൗഡ് സോഴ്‌സ് ആപ്പാണ് 'മൈ സേഫ്റ്റിപിൻ ആപ്പ്'. വനിത അവകാശ പ്രവർത്തകയായ കൽപന വിശ്വനാഥും ആശിഷ് ബസുവും ചേർന്ന് 2013 ലാണ് ആപ്പ് വികസിപ്പിച്ചത്.
എങ്ങനെ ലോഗിൻ ചെയ്യാം : പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത ശേഷം അതില്‍ ലൊക്കേഷൻ വിശദാംശങ്ങൾ നല്‍കാം. പേരും ഫോൺ നമ്പറും നൽകുക. അതത് ഫോണിലേക്ക് ലഭിക്കുന്ന ഒടിപിയിലൂടെ ലോഗിൻ ചെയ്യാം. ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുമ്പോൾ, കൃത്യസമയത്ത് ലഭ്യമാകുകയും സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള അഞ്ച് പേരുടെ ഫോൺ നമ്പറുകളും നൽകേണ്ടതുണ്ട്.
ആപ്പിന്‍റെ പ്രവര്‍ത്തനം എങ്ങനെ :റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ലൊക്കേഷൻ എത്രത്തോളം സുരക്ഷിതമാണെന്ന് ആപ്പിലൂടെ വ്യക്തമാകും. കൂടാതെ, ഈ ആപ്പ് വഴി, സന്ദേശങ്ങൾ എപ്പോഴും നിങ്ങളെ കൂടാതെ ആപ്പില്‍ കൊടുത്ത അംഗങ്ങള്‍ക്കും ലഭിക്കും. യാത്രയിൽ ദുരനുഭവം ഉണ്ടാകുകയും പ്രതിരോധിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആപ്ലിക്കേഷൻ ഓണാക്കിയാൽ മറ്റുള്ളവരിലേക്ക് സന്ദേശം എത്തും. ഇതിനായി ഫൈൻഡ് സപ്പോർട്ട് ഓപ്ഷൻ ഉണ്ട്.