കോഴിക്കോട്: എഐസിസി പ്രവര്‍ത്തക സമിതിയംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വയനാട്ടില്‍ തിങ്കളാഴ്‌ച നടത്തിയ രാഷ്‌ട്രീയ നീക്കങ്ങള്‍ അസാധാരണമെന്ന് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ അടുത്തു നിന്ന് നിരീക്ഷിക്കുന്നവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. "വയനാട്ടില്‍ ചെന്നിത്തല തുടക്കമിട്ടത് ഒരു വന്‍ ദൗത്യത്തിനാണ്. ഒപ്പം നില്‍ക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനുള്ള വലിയ നീക്കം ചെന്നിത്തല തുടങ്ങിക്കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പൊതുസമ്മതനാകാൻ വേണ്ടിയുള്ള ശ്രമത്തിലാണ് അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ കടിഞ്ഞാണ്‍ തന്‍റെ കൈയിൽ നിന്നും നഷ്‌ടമായ ശേഷം പൊതുവേ നിശ്ശബ്‌ദനായിരുന്നു അദ്ദേഹം.കോൺഗ്രസില്‍ തനിക്ക നഷ്‌ടമായ അധികാര സ്ഥാനം തിരിച്ചുപിടിക്കാന്‍ കരുക്കള്‍ നീക്കുകയാണ് രമേശ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ എ ഗ്രൂപ്പും നിർജീവമാണ്. അവരെ കൂടെക്കൂട്ടി വലിയ പക്ഷത്തിന്‍റെ നേതാവാകാൻ ചെന്നിത്തലയ്ക്ക് സാധിക്കും." മലബാറില്‍ നിന്നുള്ള മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.
എ ഗ്രൂപ്പിന് ആധിപത്യമുള്ള വയനാട്ടിലാണ് ചെന്നിത്തല ഇഷ്‌ടക്കാരുടെ യോഗങ്ങളില്‍ പങ്കെടുത്ത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്." തിങ്കളാഴ്‌ചത്തെ രമേശ് ചെന്നിത്തലയുടെ പരിപാടികള്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹം വയനാട് തെരഞ്ഞെടുത്തത് യാദൃശ്ചികമാണെന്ന് പറയാനാവില്ല. ഡിസിസി ട്രഷററുടെയും മകന്‍റെയും മരണത്തോടെ ജില്ലാ കോൺഗ്രസ് വലിയ ക്ഷീണത്തിലാണ്. ഒന്നിരിക്കാൻ പോലും കമ്മിറ്റി ഓഫിസുകളിൽ ആളില്ലാത്ത അവസ്ഥയാണ്. അവിടെയാണ് ചെന്നിത്തല കൈത്താങ്ങുമായി എത്തുന്നത്. നഷ്‌ടമായ പ്രതാപം തിരികെപ്പിടിക്കാൻ വയനാട്ടില്‍ നിന്നു തന്നെ പടയോട്ടം തുടങ്ങുകയാണദ്ദേഹം. " കെപിസിസി മുന്‍ ഭാരവാഹി പറഞ്ഞു.
ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിലും മാനന്തവാടി ഫോറസ്‌റ്റ് ഐബിയിലുമായിരുന്നു രമേശ് ചെന്നിത്തല പങ്കെടുത്ത ഗ്രൂപ്പ് യോഗങ്ങൾ. നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കെപിസിസി നിർവാഹക സമിതി അംഗം കെ എൽ പൗലോസ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി ഉഷാകുമാരി, സി അബ്‌ദുല്‍ അഷറഫ്, മണ്ഡലം-ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഐബിയിലെ യോഗത്തിൽ പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രഭാത ഭക്ഷണത്തിനെത്തിയപ്പോഴായിരുന്നു ഐ സി ബാലകൃഷണൻ എഎൽഎയുടെ വീട്ടിലെ യോഗം. ബത്തേരി, പുൽപ്പള്ളി മേഖലയിലെ നേതാക്കൾ ഇവിടെ എത്തി. കെപിസിസി അംഗം കെ കെ വിശ്വനാഥൻ, ബത്തേരി അർബൻ ബാങ്ക് ചെയർമാൻ ഡി പി രാജശേഖരൻ, ഡിസിസി ജനറൽ സെക്രട്ടറി എൻ യു ഉലഹന്നാൻ തുടങ്ങിയവരുണ്ടായിരുന്നു. ബ്ലോക്ക്, ഡിസിസി പുനഃസംഘടന രണ്ടിടത്തും ചർച്ചയായി. കമ്മിറ്റികളിൽ ഗ്രൂപ്പ് നേതാക്കൾക്ക് സ്ഥാനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് മുന്നറിയിപ്പും നൽകിയതായാണ് വിവരം.
ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്‍റെയും, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെയും വീട് സന്ദർശിക്കാന്നെന്ന പേരിലാണ് ചെന്നിത്തല വയനാട്ടിൽ എത്തിയത്. എന്നാൽ ആദ്യം എത്തിയത് ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിലായിരുന്നു. എംഎൽഎയേയും കുടുംബാംഗങ്ങളെയും കണ്ട്, നേതാക്കളോടൊപ്പം ഗ്രൂപ്പ് യോഗവും ചേർന്നാണ് നിശ്ചയിച്ച പരിപാടികളിലേക്ക് കടന്നത്. ആരോപണങ്ങളിൽ ആടിയുലയുന്ന വയനാട്ടിലെ കോൺഗ്രസിനൊപ്പം താനുണ്ടെന്ന പരസ്യ സന്ദേശമാണ് ചെന്നിത്തല നൽകിയത് എന്നാണ് പ്രവർത്തകർക്കിടയില്‍ പൊതുവെയുള്ള വിലയിരുത്തൽ.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മുകളിൽ, വയനാട്ടിൽ ഒരു നേതൃസ്ഥാനം എന്നത് ചെന്നിത്തല മനസിൽ ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് മറ്റൊരു നിരീക്ഷണം. കണ്ണൂരിലെ കരുത്തിന്‍റെ ഒരു അലയൊലിയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ വയനാട്ടിലെ പിടിവള്ളി. കണ്ണൂരിന്‍റെ കരുത്ത് മയപ്പെടുത്തി എ ഗ്രൂപ്പിനെ കൂട്ടുപിടിച്ചുകൊണ്ട് മുന്നേറാനുള്ള നീക്കമാണ് ചെന്നിത്തലയുടേത് എന്നാണ് പറയപ്പെടുന്നത്.
മുൻ മന്ത്രി പി കെ ജയലക്ഷ്‌മിയെ ഒപ്പം നിർത്തിയാണ് പ്രതിപക്ഷ നേതാവ് വയനാട്ടിൽ കരുക്കൾ നീക്കുന്നത്. എന്നാൽ ഡിസിസിയിലെ ജയലക്ഷ്‌മിയുടെ സ്വീകാര്യതയും ചോദ്യചിഹ്നമാണെന്ന് ചില നേതാക്കളുടെ അടക്കംപറച്ചിലുണ്ട്. വി ഡി സതീശൻ വയനാട്ടിൽ എത്തുമ്പോൾ നേതാക്കളെയും പ്രവർത്തകരെയും അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. ഈ സാഹചര്യം കൂടി ഉപയോഗപ്പെടുത്തിയാണ് ചെന്നിത്തല ചുരം കയറിയത് എന്നാണ് സൂചന.
എക്കാലവും കോൺഗ്രസിന്‍റെ ഉരുക്കു കോട്ടയായ വയനാട്ടിലെ പ്രമുഖ നേതാക്കൾ നിലവിൽ നിയമനക്കോഴ വിവാദത്തിൽ പെട്ടിരിക്കുകയാണ്. അവിടെ ഒരു വലിയ 'കൈ' സഹായം നൽകി ചെന്നിത്തല അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായി.