കേരളം

kerala

By ETV Bharat Tech Team

Published : 4 hours ago

ETV Bharat / technology

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: സോഷ്യൽ മീഡിയയുടെ പങ്ക് വലുത്; ഇൻസ്റ്റാഗ്രാമും സ്‌നാപ്‌ചാറ്റും പ്രധാന വില്ലന്മാർ - ONLINE CHILD SEXUAL ABUSE

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങൾക്കായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നതായി പഠനങ്ങൾ. ഇൻസ്റ്റാഗ്രാം, സ്‌നാപ്‌ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ലൈംഗികാതിക്രമങ്ങളിൽ പ്രധാനമായി ഉപയോഗിക്കുന്നതെന്നും കണ്ടെത്തൽ.

SEXUAL ABUSE THROUGH SOCIAL MEDIA  POCSO  ഇൻസ്റ്റാഗ്രാം  ലൈംഗികാതിക്രമം
Representative image (ETV Bharat)

ഹൈദരാബാദ്:കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് സോഷ്യൽ മീഡിയയെ പ്രധാന ഉപകരണമായി കുറ്റവാളികൾ ഉപയോഗിക്കുന്നതായി പഠനങ്ങൾ. തങ്ങൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തിയ കൗമാരക്കാരിൽ 7 ശതമാനവും സോഷ്യൽ മീഡിയ വഴിയുള്ള ലൈംഗിക ആക്രമണങ്ങൾക്ക് ഇരയായതായി വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാം, സ്‌നാപ്‌ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇതിൽ കൂടുതൽ പങ്കുവഹിക്കുന്നതെന്നും പഠനത്തിൽ വ്യക്തമായി.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നടത്തിയ നാഷണൽ കോൺഫറൻസിലാണ് പുതിയ കണ്ടെത്തൽ അവതരിപ്പിച്ചത്. 10 മുതൽ 18 വയസിനിടയിലുള്ള 1000 കുട്ടികളിലാണ് പഠനം നടത്തിയത്. 2018 നും 2023 നും ഇടയിൽ ലൈംഗികാതിക്രമത്തിന് ഇരയായി ചികിത്സയ്‌ക്കായി കാലിഫോർണിയയിലെ റാഡി ചിൽഡ്രൻസ് ഹോസ്‌പിറ്റലിൽ എത്തിച്ചവരാണ് ഇവർ.

തങ്ങൾക്കെതിരായ ലൈംഗികാതിക്രമം വെളിപ്പെടുത്തിയ കുട്ടികൾ പറയുന്നതനുസരിച്ച് കുറ്റവാളികളിൽ 12 ശതമാനം പേരും തങ്ങളുമായി മുൻപരിചയമില്ലാത്തവരാണ്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയയെ പലരും ലൈംഗികാതിക്രമത്തിനായി ഉപയോഗിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. കൗമാരക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണെന്ന് ഗവേഷണം നടത്തിയ ശിശുരോഗ വിദഗ്‌ദൻ മിഗ്വൽ കാനോ പറഞ്ഞു.

"കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുന്നതിനും, ലോകമെമ്പാടുമുള്ള ആളുകളുമായി ബന്ധപ്പെടുന്നതിനും വളരെ പ്രയോജനപ്പെടുന്ന ഒന്നാണ് സോഷ്യൽ മീഡിയ എങ്കിലും, അതുപോലെ തന്നെ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. പഠനമനുസരിച്ച്, അപരിചിതരെ ഓൺലൈനിൽ കണ്ടുമുട്ടിയ കൗമാരക്കാരിൽ പലരെയും പിന്നീട് വൈകാരിക ദുരുപയോഗം, സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവം, ലൈംഗിക ഉള്ളടക്കത്തോടുള്ള സംസാരം, ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയാക്കുന്നു." കാനോ കൂട്ടിച്ചേർത്തു.

ഇത്തരം സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇൻസ്റ്റാഗ്രാം, സ്‌നാപ്‌ചാറ്റ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഇത്തരം ചതികളെ തിരിച്ചറിയാൻ ജാഗരൂകരായിരിക്കണമെന്നും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും മിഗ്വൽ കാനോ രക്ഷിതാക്കളോടായി പറയുന്നു. സോഷ്യൽ മീഡിയയിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഇത്തരം വേട്ടക്കാരിൽ നിന്ന് കുട്ടികളെ സുരക്ഷിതരാക്കാൻ കൂടുതൽ സംവിധാനങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൗമാരക്കാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിയന്ത്രണം:

കൗമാരക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇൻസ്റ്റാഗ്രാം അടുത്തിടെ പുതിയ നിയന്ത്രണം കൊണ്ടുവന്നിരുന്നു. 18 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ ടീൻ അക്കൗണ്ടുകളാക്കും. ഇതോടെ അപരിചിതരായവർക്ക് ടീൻ അക്കൗണ്ടുകളിലേക്ക് സന്ദേശമയക്കാനോ, ടാഗ് ചെയ്യാനോ, മെൻഷൻ ചെയ്യാനോ സാധിക്കില്ല. കൂടാതെ ഇൻസ്റ്റാഗ്രാമിലെ കണ്ടന്‍റുകൾക്കും രാത്രി ഉപയോഗത്തിനും നിയന്ത്രണമുണ്ടാകും.

Also Read: 18 വയസിൽ താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാമിൽ ഇനി 'ടീൻ അക്കൗണ്ട്': രാത്രി ഉപയോഗത്തിനും നിയന്ത്രണം

ABOUT THE AUTHOR

...view details