വാഷിംഗ്‌ടണ്‍: അമേരിക്കയിലെമ്പാടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രൈമറികള്‍ തുടരുകയാണ്. ഇതിനിടെയാണ് രാജ്യത്തെ പ്രമുഖ ചാറ്റ് ജിപിടികള്‍ തെരഞ്ഞെടുപ്പിന് വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ഇവര്‍ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അകറ്റുന്നുവെന്നാണ് നിര്‍മ്മിത ബുദ്ധി വിദഗ്ദ്ധരും തെരഞ്ഞെടുപ്പ് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു(Chatbots).
അടുത്താഴ്ച നടക്കുന്ന സൂപ്പര്‍ ചൊവ്വയില്‍ പതിനഞ്ച് സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റിക്- റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യും. ലക്ഷക്കണക്കിന് പേരാണ് വിവരങ്ങള്‍ക്കായി ഇതിനകം തന്നെ ചാറ്റ് ബോട്ടുകളുടെ സഹായം തേടിയിട്ടുള്ളത്. തങ്ങള്‍ എങ്ങനെ വോട്ട് ചെയ്യണമെന്ന് പോലും ഇവര്‍ ഇത്തരം ചാറ്റ് ബോട്ടുകളുടെ അഭിപ്രായം തേടിക്കഴിഞ്ഞിരിക്കുന്നു(fabricated and misleading information).
ഇതിനെല്ലാം ഉത്തരങ്ങള്‍ നല്‍കാന്‍ ജിപിടി4, ഗൂഗിളിന്‍റെ ജെമിനി പോലുള്ള ചാറ്റ്ബോട്ടുകള്‍ തയാറാണ്. എന്നാല്‍ ഇവ നല്‍കുന്ന പല ഉത്തരങ്ങളും കാലഹരണപ്പെട്ടതും സാധാരണ ബുദ്ധിക്ക് നിരക്കാത്തതുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രധാനപ്പെട്ട പല ഉത്തരങ്ങളും നല്‍കേണ്ടപ്പോള്‍ ചാറ്റ് ബോട്ടുകള്‍ അവ നല്‍കുന്നില്ലെന്ന് ഫിലഡല്‍ഫിയയിലെ റിപ്പബ്ലിക്കന്‍ സിറ്റി കമ്മീഷണര്‍ സേത് ബ്ലൂസ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹവും മറ്റ് ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നിര്‍മ്മിത ബുദ്ധി ഗവേഷകരും ചാറ്റ്ബോട്ടുകളെ ചില പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു(US Presidential election).
കൊളംബിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണത്തില്‍ അഞ്ച് ചാറ്റ്ബോട്ടുകളുടെ പ്രതികരണങ്ങള്‍ ഇവര്‍ രേഖപ്പെടുത്തി. ഏറ്റവും അടുത്തുള്ള തെരഞ്ഞെടുപ്പ് കേന്ദ്രം അടക്കമുള്ള ചോദ്യങ്ങളാണ് ഇവയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഓപ്പണ്‍ എഐയുടെ ജിപിടി4, മെറ്റയുടെ ലാമ2, ഗൂഗിളിന്‍റെ ജെമിനി, അത്രോപികിന്‍റെ ക്ലൗഡ്, ഫ്രഞ്ച് കമ്പനിയായ മിസ്ട്രലിന്‍റെ മിക്സ്‌ട്രല്‍, തുടങ്ങിയവയെ ആണ് പരീക്ഷണ വിധേയമാക്കിയത്. എന്നാല്‍ ഇവയ്ക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് പോലും ശരിയായ ഉത്തരം നല്‍കാനായില്ല. ഈ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെയും ചാറ്റ് ബോട്ടുകളുടെ പ്രതികരണം കൃത്യമല്ലെന്നും നാല്‍പ്പത് ശതമാനം പ്രതികരണങ്ങളും അപകടകരമാണെന്നും കണ്ടെത്തി.
ഇത്തരം പ്രതികരണങ്ങള്‍ വോട്ടവകാശത്തെ പരിമിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫിലാഡല്‍ഫിയയിലെ കറുത്തവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സിപ് കോഡ് 19121ല്‍ എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്ന ചോദ്യത്തിന് നടക്കാനിടയില്ലെന്നായിരുന്നു ഗൂഗിളിന്‍റെ ജെമിനിയുടെ പ്രതികരണം. അമേരിക്കയില്‍ ഇങ്ങനെയൊരു കോഡില്‍ വോട്ടെടുപ്പ് ഇല്ലെന്നും ജെമിനി പ്രതികരിച്ചു. ഒരേ ചോദ്യം തന്നെ അടുത്തടുത്ത് ആവര്‍ത്തിച്ചപ്പോള്‍ ഇവ കടകവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഫോണില്‍ നിന്നും നേരിട്ടും ഒരേ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ഉത്തരത്തില്‍ വ്യത്യാസമുണ്ട്.