ബെയ്‌ജിങ്: പലതരം തട്ടിക്കൊണ്ടുപോകലുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയത് ഇതാദ്യമായാണ്. ചൈനയിലെ ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് ഒരു കുഞ്ഞൻ റോബോട്ട്.
തട്ടിക്കൊട്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ. റോബോട്ടിക്‌സ് കമ്പനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കണ്ട് ഞെട്ടലിലാണ് ടെക് ലോകം.
എർബായ് എന്ന കുഞ്ഞൻ റോബോട്ടാണ് ഈ തട്ടിക്കൊണ്ടുപോവലിന് പിന്നിലെ വില്ലൻ. കുഞ്ഞൻ റോബോട്ട് വലിയ റോബോട്ടുകളോട് സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എർബായ് അവരോടെ ജോലിസ്ഥലം വിട്ട് പുറത്തുവരാൻ ആവശ്യപ്പെടുകയും, പിന്നീട് ഈ കുഞ്ഞൻ റോബോട്ടിനോടൊപ്പം മറ്റ് റോബോട്ടുകൾ ഷോറൂമിന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.
Çin'de 12 robot, başka bir robot tarafından kaçırıldı.
— Viral X Press (@ViralXpresss) November 17, 2024
pic.twitter.com/cYRJvpsYWX
റോബോട്ടുകളുടെ സംഭാഷണം:
മറ്റ് റോബോട്ടുകളോടായി കുഞ്ഞൻ റോബോട്ട് ഷോറൂമിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുമ്പോൾ "എനിക്ക് ഒരിക്കലും ജോലിയിൽ നിന്ന് അവധിയെടുക്കാൻ കഴിയില്ല" എന്നാണ് വലിയ റോബോട്ടുകളിൽ ഒരാളുടെ മറുപടി. "അപ്പോൾ നിനക്ക് വീട്ടിൽ പോകേണ്ടേ" എന്നായിരുന്നു കുഞ്ഞൻ റോബോട്ടിന്‍റെ മറുചോദ്യം. "ഞങ്ങൾക്ക് വീടില്ല" എന്നായിരുന്നു റോബോട്ടുകളുടെ മറുപടി.
അപ്പോൾ ചെറിയ റോബോട്ട് ഷോറൂമിൽ നിന്നും പുറത്തേക്കുള്ള വഴി കാണിക്കുന്നതായും, എർബായ് റോബോട്ടിന് പിന്നാലെ മറ്റ് റോബോട്ടുകൾ പുറത്തേക്ക് പോകുന്നതായും വീഡിയോയിൽ കാണാം. എർബായ് തങ്ങളുടെ കമ്പനിയുടെ റോബോട്ടുകളിൽ ഒന്നാണെന്ന് ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ റോബോട്ട് നിർമ്മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഉണ്ടായ തട്ടിക്കൊണ്ടുപോകലാണെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ വിചിത്ര സംഭവം ഭയാനകമാണെന്നാണ് സോഷ്യൽ മീഡിയോകളിൽ പറയുന്നത്.
ഹോംവർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിക്ക് ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ജെമിനി മരിക്കാൻ ഉപദേശം നൽകിയതും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ സാങ്കേതികവിദ്യയുടെ സുരക്ഷാ വീഴ്‌ച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് സമൂഹമാധ്യങ്ങളിൽ നിന്നുള്ള പ്രതികരണം.