ഹൈദരാബാദ്: ഒന്നിനു പുറമെ ഒന്നായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ മനസിൽ കൂടുതൽ ഇടംപിടിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. ഇപ്പോൾ വോയിസ് മേസേജുകൾ വായിക്കാവുന്ന തരത്തിൽ ടെക്‌സ്റ്റ് രൂപത്തിലാക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്‌ആപ്പ്. വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ അപ്‌ഡേഷൻ.
ഉദാഹരണത്തിന് നിങ്ങൾ തിരക്കേറിയ സ്ഥലത്തോ മീറ്റിങ്ങിലോ ആണെന്ന് കരുതുക. ഇത്തരം സന്ദർഭങ്ങളിൽ വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുമ്പോൾ ഇനി നിങ്ങൾക്ക് വോയിസ് സന്ദേശത്തെ ടെക്‌സ്റ്റ് രൂപത്തിലേക്ക് മാറ്റി വായിക്കാനാകും. വോയ്‌സ് മെസേജുകളെ വായിക്കാവുന്ന തരത്തിൽ ടെക്‌സ്റ്റ് മെസേജുകളുടെ രൂപത്തിലാക്കുന്നതാണ് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്‌റ്റ് ഫീച്ചർ.
ശബ്‌ദ രൂപത്തിലുള്ള മെസേജ് അക്ഷര രൂപത്തിലേക്ക് മാറുന്നത് ഡിവൈസിനുള്ളിൽ വെച്ച് തന്നെയായിരിക്കുമെന്നും പൂർണമായും സുരക്ഷിതമായിരിക്കുമെന്നുമാണ് മെറ്റ പറയുന്നത്. വോയിസ് മെസേജിലെ ഉള്ളടക്കം വാട്‌സ്‌ആപ്പ് അധികൃതർക്ക് പോലും മനസിലാക്കാനാകില്ലെന്നാണ് മെറ്റയുടെ വാദം. വാട്‌സ്‌ആപ്പ് സെറ്റിങ്‌സ് എടുത്ത് പുതിയ ഫീച്ചർ ഇനേബിൾ ചെയ്യാം. ഈ ഫീച്ചർ ആൻഡ്രോയ്‌ഡിലും ഐഒഎസിലും ലഭ്യമാകും.
Also Read: റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി കുഞ്ഞൻ റോബോട്ട്: വൈറലായി വീഡിയോ; ഞെട്ടലോടെ ലോകം